World News
ആറ് മാസത്തിന് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റില്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 17, 09:51 am
Tuesday, 17th August 2021, 3:21 pm

വെല്ലിംഗ്ടണ്‍: ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലാന്റ് നീങ്ങിയിരിക്കുന്നത്.

ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്‌ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാന്‍ തക്ക ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ അല്‍പം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു.

‘നിയന്ത്രണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നമ്മള്‍ മറ്റു രാജ്യങ്ങളില്‍ കണ്ടതാണ്. നമുക്ക് മുന്‍പില്‍ ഒരേയൊരു അവസരം മാത്രമാണുള്ളത്.

ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണില്‍ കഴിയുന്നതിനേക്കാള്‍ നല്ലത്, കര്‍ശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണില്‍ നിന്നും പുറത്തുവരുന്നതാണ്,’ ജസീന്ത പറഞ്ഞു.

ആസ്‌ട്രേലിയയിലെ നിലവിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ന്യൂസിലാന്റിന് കര്‍ശന നടപടികള്‍ കൂടിയേ തീരൂവെന്ന് ജസീന്ത പറഞ്ഞത്.

കൊവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. ആദ്യ തരംഗം മുതല്‍ ഇതുവരെ 26 കൊവിഡ് മരണങ്ങള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സാധാരണ നിലയിലാണ് രാജ്യത്ത് സാമൂഹ്യജീവിതം കടന്നുപോകുന്നത്. കൂടിച്ചേരലുകള്‍ക്കോ മറ്റു പരിപാടികള്‍ക്കോ കാര്യമായ നിയന്ത്രണമില്ലെന്ന് മാത്രമല്ല, മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടും കര്‍ശന നിര്‍ദേശങ്ങളില്ല.

ഇത്തരത്തില്‍ സാധാരണ നിലയിലേക്ക് നീങ്ങിയ അവസ്ഥ കൈവിട്ടു പോകാതിരിക്കാനാണ് ഒറ്റ കേസിന് പിന്നാലെ തന്നെ കര്‍ശന നിയന്ത്രണങ്ങളിലേക്ക് ന്യൂസിലാന്റ് നീങ്ങുന്നത്.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തിയിരുന്നെങ്കിലും വാക്‌സിനേഷനില്‍ ആവശ്യമായ മുന്നേറ്റം കൈവരിക്കാന്‍ ന്യൂസിലാന്റിന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും നിലവിലെ ലോക്ഡൗണിന് കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍.

Content Highlight: New Zealand Declares Snap 3-Day Lockdown After 1st Covid Case In 6 Months