നീണ്ട 16 വര്‍ഷത്തെ കരിയറിനോട് വിട പറഞ്ഞ് ന്യൂസിലാന്‍ഡ് ഇതിഹാസം റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡിന് വേണ്ടിയുള്ള 450ാം മത്സരം കളിച്ച ശേഷമാണ് ടെയ്‌ലര്‍ തന്റെ സ്വപ്‌നതുല്യമായ കരിയറില്‍ നിന്നും ബ്ലാക് ക്യാപ്‌സില്‍ നിന്നും വിരമിക്കുന്നത്.
നേരത്തെ സൗത്ത് ആഫ്രിക്കയോട് തന്റെ അവസാന ടെസ്റ്റ് മത്സരവും കളിച്ചിരുന്നെങ്കിലും തന്റെ ഹോം ഗ്രൗണ്ടായ സെഡന്‍ പാര്‍ക്കില്‍ വെച്ചു തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന താരത്തിന്റെ ആഗ്രഹം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാധിച്ചു നല്‍കുകയായിരുന്നു.
നെതര്‍ലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും കളിച്ച ശേഷമാണ് ടെയ്‌ലര്‍ വിരമിക്കുന്നത്. അവസാന മത്സരത്തില്‍ 14 റണ്‍സ് നേടിയ ടെയ്‌ലറിനെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് നെതര്‍ലാന്‍ഡ്‌സ് ടീം മടക്കിയയച്ചത്.
മത്സരത്തിന് മുമ്പ് ന്യൂസിലാന്‍ഡിന്റെ ദേശീയഗാനമാലപിച്ചപ്പോള്‍ വികാരാധീനനായി പൊട്ടിക്കരയുകയായിരുന്നു ടെയ്‌ലര്‍. ദേശീയ ഗാനത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ മക്കളായ മക്കെന്‍സി, ജോണ്ടി, അഡ്‌ലെയ്ഡ് എന്നിവരും ടെയ്‌ലറിനൊപ്പമുണ്ടായിരുന്നു.
അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യാനായി പിച്ചിലേക്ക് നടന്നടുത്തപ്പോള്‍ സ്‌റ്റേഡിയമൊന്നാകെ ആര്‍ത്തിരമ്പുകയായിരുന്നു. അവസാന മത്സരത്തില്‍ സ്വപ്‌നതുല്യമായ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ചില മികച്ച നിമിഷങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
16 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെ നെതര്‍ലാന്‍ഡ് ബൗളര്‍ ലോഗന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു ടെയ്‌ലര്‍ മടങ്ങിയത്. കിവീസിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലലൊരുവന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി നെതര്‍ലാന്‍ഡ്‌സ് ടീമും മനസ് നിറച്ചു.
2006ലാണ് ടെയ്‌ലര്‍ ആദ്യമായി കിവീസിന് വേണ്ടി ഏകദിനത്തില്‍ മൈതാനത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.
തന്റെ കരിയറില്‍ 112 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 19 സെഞ്ച്വറിയടക്കം 7,683 റണ്‍സും 236 ഏകദിനത്തില്‍ നിന്നുമായി 8,593 റണ്‍സും സ്വന്തമാക്കി. 1,909 റണ്‍സാണ് ടെയലറിന്റെ സമ്പാദ്യം.