| Tuesday, 22nd November 2022, 12:06 pm

ഇന്ത്യയുടെ മൂന്ന് ബൗളര്‍മാര്‍ക്കും ആ പ്രത്യേക കഴിവുണ്ട്, ലോകത്തെ ഏത് ബാറ്ററായാലും ഒന്ന് വിയര്‍ക്കും; മാച്ചിന് മുമ്പേ ന്യൂസിലാന്‍ഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ടി-20 ഫോര്‍മാറ്റിലെ പുതിയ താരോദയമായ ഫിന്‍ അലന്‍ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാച്ചില്‍ ഇന്ത്യയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യയുമായുള്ള അടുത്ത മാച്ചുകള്‍ക്കായി കാത്തിരിക്കുകയാണ് താരം.

പരമ്പരയിലെ അവസാന ടി-20 മാച്ച് തുടങ്ങുന്നതിന് മുമ്പേയാണ് ഫിന്‍ അലന്‍ ഇന്ത്യന്‍ ടീമിന്റെ പ്രത്യേകതകളും ശക്തികളുമെല്ലാം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ കരുത്തുള്ള സ്‌ക്വാഡാണ് ഇന്ത്യയുടേതെന്നാണ് അലന്റെ വാക്കുകള്‍. എന്നാല്‍ അര്‍ഷ്ദീപിന്റെ ബൗളിങ്ങാണ് തന്നെ അമ്പരിപ്പിക്കുന്ന ഫാക്ടറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘അവരുടെ പ്രധാനപ്പെട്ട പല കളിക്കാരും ഈ പര്യടനത്തിലില്ല, എന്നിട്ടും മികച്ച നിലവാരം പുലര്‍ത്തുന്ന കളിക്കാരുമായാണ് അവര്‍ എത്തിയിട്ടുള്ളത്. ലോകകപ്പില്‍ കണ്ട ഇന്ത്യന്‍ ടീമില്‍ നിന്നും നേരിയ വ്യത്യാസമുള്ള ടീമാണിത്.

അവരുടെ ബൗളിങ് നിര അതിഗംഭീരമാണ്. രണ്ട് വശത്തേക്കും സ്വിങ് ചെയ്യാന്‍ കഴിയുന്ന വിധം പന്തെറിയാന്‍ സാധിക്കുന്നവരാണ് ടീമിലെ മൂന്ന് പേരും. ഏത് ബാറ്റര്‍ക്കായാലും അത്തരം ബോളുകളെ നേരിടല്‍ അത്ര എളുപ്പമല്ല.

അര്‍ഷ്ദീപിന്റെ ലോകകപ്പിലെ പെര്‍ഫോമന്‍സ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമായിരുന്നു. ആ ബോളുകളെ നേരിടേണ്ടി വരാത്തത് കൊണ്ട് പ്രത്യേകിച്ചും. എന്തായാലും വരാന്‍ പോകുന്ന മാച്ചുകളില്‍ ആ ഒരു വെല്ലുവിളിയെ നേരിടാന്‍ തന്നെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.

പിന്നെ അവരുടെ ബാറ്റിങ്ങിനെ കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു തുറുപ്പുചീട്ട് കഴിഞ്ഞാല്‍ അടുത്തത്, അത് കഴിഞ്ഞാല്‍ അടുത്തത് അതും കഴിഞ്ഞാല്‍ ദേ അടുത്തത് എന്ന നിലയിലല്ലേ ആ ബാറ്റിങ് ഓര്‍ഡര്‍. കളിക്കാന്‍ നമുക്ക് വല്ലാത്തൊരു ആവേശം തോന്നുന്ന ടീമാണ് ഇന്ത്യയുടേത്,’ ഫിന്‍ അലന്‍ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം 12 മണിക്കാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി-20 മാച്ച്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം നടന്ന രണ്ടാം മത്സരത്തില്‍ ജയിച്ചതിനാല്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മൂന്നാം മാച്ചില്‍ കൂടി ജയിച്ചാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാനാകും.

Content Highlight: New Zealand cricketer Finn Allen praises Indian cricket team

We use cookies to give you the best possible experience. Learn more