| Tuesday, 8th March 2022, 4:37 pm

ഐ.പി.എല്ലിന് മുന്‍പേ സഞ്ജുവിനും പിള്ളേര്‍ക്കും സന്തോഷവാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിന് സന്തോഷവാര്‍ത്തയുമായി ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റീഡ്. ഐ.പി.എല്ലില്‍ കളിക്കുന്ന എല്ലാ ന്യൂസിലാന്‍ഡ് താരങ്ങളേയും ആദ്യം മത്സരം മുതല്‍ എല്ലാ മത്സരവും കളിക്കാന്‍ അനുവദിക്കുമെന്നാണ് സ്റ്റീഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിന് തലേ ദിവസം മുന്‍പ് നടക്കുന്ന ന്യൂസിലാന്‍ഡിന്റെ നെതര്‍ലാന്‍ഡ് പര്യടനത്തില്‍ നിന്നും ഐ.പി.എല്ലില്‍ കളിക്കുന്ന എല്ലാ താരങ്ങളേയും ഒഴിവാക്കുമെന്നാണ് ഗാരി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 25നാണ് കിവീസിന്റെ പര്യടനം ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് ഐ.പി.എല്‍ തുടങ്ങുകയും ചെയ്യും.

ടി-20യും ഏകദിനവും അടങ്ങുന്ന പരമ്പയായതിനാല്‍ കിവീസ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയായിരുന്നു. കിവീസ് താരങ്ങള്‍ ഇത്തവണ ഐ.പി.എല്ലിനിറങ്ങിയേക്കില്ല എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതിന് വിരാമമിട്ടുകൊണ്ടാണ് ഐ.പി.എല്ലിലെ എല്ലാ കളിക്കാരെയും ടൂര്‍ണമെന്റ് കളിക്കുന്നതിനായി വിട്ടുനല്‍കുമെന്ന് ഗാരി അറിയിച്ചിരിക്കുന്നത്.

ദേശീയ ടീമിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം ലഥാമിന് കീഴിലുള്ള ബി ടീമിനെയാവും പര്യടനത്തിനയയ്ക്കുക. ന്യൂസിലാന്‍ഡിനെയും ഇത് പോസിറ്റീവായാണ് ബാധിക്കുക.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്താന്‍ ഈ പര്യടനം സഹായിക്കുമെന്നാണ് ഗാരിയുടെ വിലയിരുത്തല്‍.

കിവീസ് പരിശീലകന്റെ ഈ തീരുമാനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് സഞ്ജുവും രാജസ്ഥാന്‍ ക്യാമ്പുമാണ്. ട്രെന്റ് ബോള്‍ട്ട്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം തുടങ്ങിയ കിവീസിന്റെ എണ്ണം പറഞ്ഞ താരങ്ങളെല്ലാം തന്നെ റോയല്‍സിന്റെ ഭാഗമാണ്.

നെതര്‍ലാന്‍ഡ് പര്യടനത്തിന്റെ ഭാഗമായി ഇവര്‍ ടീമില്‍ നിന്നും വിട്ടുനിന്നാല്‍ രാജസ്ഥാന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

എന്നാലിപ്പോള്‍ ഗാരിയുടെ പ്രഖ്യാപനത്തോടെ ആദ്യ മത്സരം മുതല്‍ ഇവര്‍ ടീമിന്റെ ഭാഗമാവുകയും ആദ്യ മത്സരങ്ങള്‍ കളിക്കുകയും ചെയ്യും.

മാര്‍ച്ച് 29നാണ് റോയല്‍സിന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content highlight: New Zealand coach Garry Steed allows all Players to participate in IPL
We use cookies to give you the best possible experience. Learn more