ഇനി രക്തം വീഴില്ല; ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട
New Zealand Shooting
ഇനി രക്തം വീഴില്ല; ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 11:37 am

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിക്കുമെന്ന് ജസീണ്ട വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 11ന് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുമെന്നും ജസിണ്ട ആര്‍ഡേണ്‍ കൂട്ടിച്ചേര്‍ത്തു. നിരോധനം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് തോക്കുകള്‍ കൈവശം വയ്ക്കാന്‍ പ്രത്യേക അനുമതി വേണ്ടിവരും. നിലവില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ജസീണ്ട വ്യക്തമാക്കി.

തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരുമെന്നും ജസീണ്ട കൂട്ടിച്ചേര്‍ത്തു.

Read Also : ഒരു മോദി അറസ്റ്റില്‍; അടുത്തത് നരേന്ദ്രമോദി, ലളിത് മോദി: വീക്ഷണത്തിന്റെ തലക്കെട്ട് ചര്‍ച്ചയാവുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 50 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

അതേസമയം ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

മറ്റ് പ്രാര്‍ത്ഥനാ പരിപാടികളും ഇതോടനുബന്ധിച്ചു നടത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ “പേരില്ലാത്തവന്‍” ആയി കണക്കാക്കുമെന്നും ജസിണ്ട പറഞ്ഞിരുന്നു. വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് ജസീണ്ട ഇക്കാര്യം പറഞ്ഞത്.

ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ലെന്നും ജസിണ്ട പറഞ്ഞിരുന്നു. “ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച്” അക്രമം നടത്തിയയാളെ നേരിടുമെന്നും അവര്‍ പറഞ്ഞിരുന്നു.

അറബ് ആശംസാവചനമായ “അസ്സലാമു അലൈക്കും” എന്ന അഭിസംബോധനയോടെയാണ് ജസിണ്ട പ്രസംഗം ആരംഭിച്ചത്.

നേരത്തെ ഹിജാബ് ധരിച്ചായിരുന്നു ജസിണ്ട കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ഇത് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.