വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ ഇന്ത്യയുടെ അവസാന ഹോം സീരീസിനുള്ള ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡും നാല് റിസര്‍വ് താരങ്ങളുടെ പേരുകളുമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് കിവികള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്.
ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 16 മുതല്‍ 20 വരെ – എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു.
രണ്ടാം ടെസ്റ്റ് – ഒക്ടോബര്‍ 24 മുതല്‍ 28 വരെ – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം.
അവസാന ടെസ്റ്റ് – നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ – വാംഖഡെ സ്റ്റേഡിയം.
പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് സമ്മര്‍ദം ചെലുത്താനാണ് കിവീസ് ലക്ഷ്യമിടുന്നതെന്ന് ടോം പറഞ്ഞു.
ടോം ലാഥം സംസാരിച്ചത്
‘ഇന്ത്യയിലേക്ക് പോകുന്നത് ആവേശകരമായ ഒരു വെല്ലുവിളിയാണ്, ഒരിക്കല്‍ കൂടെ അവിടെ പോയി സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും കളിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് നമുക്കൊരു നല്ല അവസരമാണ്. ഇന്ത്യയില്‍ മുമ്പ് മികച്ച ടീമുകള്‍ ആക്രമണ സ്വഭാവത്തില്‍ കളിച്ചത് ഞങ്ങള്‍ കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് ബാറ്റുകൊണ്ട് അവരെ സമ്മര്‍ദത്തിലാക്കാനും കഴിഞ്ഞു. അത് അവിടെ വളരെ പ്രധാനമാണ്,’