ഇസ്‌ലാമാബാദ്: ന്യൂസിലാന്റും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരമ്പര റദ്ദാക്കുന്നതെന്നും താരങ്ങളെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചെന്നും ന്യൂസിലാന്റ് സര്‍ക്കാര്‍ അറിയിച്ചു.
3 ഒ.ഡി.ഐയും 5 ടി-20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. പരമ്പരയിലെ ഒന്നാം ഏകദിനം റാവല്‍പിണ്ടിയില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് ഗ്രൗണ്ടിലേക്കിറങ്ങാന്‍ ന്യൂസിലാന്റ് താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.
താരങ്ങള്‍ കളിക്കില്ലെന്നും അവരെ തിരിച്ചു വിളിക്കുകയാണെന്നും ന്യൂസിലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പരമ്പര റദ്ദാക്കിയത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്റ് പാക്കിസ്ഥാന്‍ മണ്ണില്‍ പര്യടനത്തിനെത്തുന്നത്. 2003ല്‍ ആണ് ഇരുവരും പാക്കിസ്ഥാനില്‍ വെച്ച് ഏറ്റുമുട്ടിയത്. അന്ന് 5-0ന് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു.
2003 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനരികില്‍ വെച്ച് സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് തിലന്‍ സമരവീരക്ക് വെടിയേറ്റ ശേഷം മിക്ക അന്താരാഷ്ട്ര ടീമുകളും പാക്കിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിക്ഷ്പക്ഷ വേദികളിലായിരുന്നു മത്സരങ്ങള്‍ നടത്തി വന്നിരുന്നത്.
2002ലും സമാന അനുഭവം ഉണ്ടായിരുന്നു. ന്യൂസിലാന്റ് ടീം താമസിച്ച കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. അതോടെ പര്യടനം പാതി വഴിയിലുപേക്ഷിച്ച് ടീം മടങ്ങിയിരുന്നു.
ഡിസിഷന്‍ റിവ്യൂ (ഡി.ആര്‍.എസ്) സൗകര്യമില്ലാത്തതിനാല്‍ പാക്കിസ്ഥാന്‍-ന്യൂസിലാന്റ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ഫിക്സച്ചറിന് പുറത്താണ്. ഉഭയക്ഷി മത്സരമായി പരമ്പര നടത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ന്യൂസിലാന്റ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തുകയായിരുന്നു.