ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ടിം സൗത്തി. 15 വര്‍ഷക്കാലം ബ്ലാക് ക്യാപ്‌സിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിലെ കുന്തമുനയായ സൗത്തി ഇത്തവണത്തെ ലോകകപ്പിലും ന്യൂസിലാന്‍ഡിന്റെ ഭാഗമാണ്.
ടിം സൗത്തിക്കും ട്രെന്റ് ബോള്‍ട്ടിനും പിന്നിലാകും കിവികള്‍ അവരുടെ ബൗളിങ് യൂണിറ്റിനെ അണിനിരത്തുക.
നിലവില്‍ 33 വയസാണ് സൗത്തിക്കുള്ളത്. ഇനിയും ഏറെ നാള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാകണമെന്ന് ആഗ്രഹിക്കുന്ന ടിം സൗത്തി പ്രചോദനമുള്‍ക്കൊള്ളുന്നത് ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്നും സ്റ്റുവര്‍ട്ട് ബ്രോഡില്‍ നിന്നുമാണ്.
പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് ഇപ്പോഴും ആന്‍ഡേഴ്‌സണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആന്‍ഡേഴ്‌സണൊപ്പം അരങ്ങേറിയവരും ശേഷം കളിച്ചവരും ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ഇംഗ്ലണ്ട് ബൗളിങ്ങിന്റെ ഐക്കണായി ആന്‍ഡേഴ്‌സണ്‍ ഇന്നും തുടരുന്നുണ്ട്.
40 വയസുകാരനായ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി 175 ടെസ്റ്റ് മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ കാലം ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റ് ലോകത്തുണ്ടാകുമെന്നും 200 ടെസ്റ്റ് താരം കളിക്കുമെന്നും സൗത്തി പറയുന്നു.
175 മത്സരത്തില്‍ നിന്നും 667 വിക്കറ്റാണ് ആന്‍ഡേഴ്‌സണിന്റെ സമ്പാദ്യം. 159 ടെസ്റ്റ് മത്സരത്തില്‍ നിന്നും 566 വിക്കറ്റാണ് ബ്രോഡ് സ്വന്തമാക്കിയത്.
‘അവരെ തടുത്ത് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഏറെ നാളുകളായി പന്തെറിയുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം ആരെയും ആവേശം കൊള്ളിക്കുന്നതാണ്. അദ്ദേഹം 200 ടെസ്റ്റ് മത്സരം കളിച്ചാലും ഞാനൊട്ടും തന്നെ അത്ഭുതപ്പെടാന്‍ പോകുന്നില്ല,’ സൗത്തി പറയുന്നു.