| Saturday, 1st July 2023, 2:56 pm

അമ്പയര്‍മാര്‍ക്ക് ബോധം ഇല്ലാതെ പോയതുകൊണ്ട് മാത്രം പിറന്ന റെക്കോഡ്; ക്യാപ്റ്റനും ശ്രദ്ധിച്ചില്ല എറിഞ്ഞ ഇവളും

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ വിചിത്രമായ റെക്കോഡ് സ്വന്തമാക്കി ന്യൂസിലാന്‍ഡ് സ്പിന്നര്‍ ഈഡര്‍ കാര്‍സണ്‍. ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ ഏകദിനത്തിലാണ് കാര്‍സണ്‍ ഏകദിനത്തില്‍ 11 ഓവര്‍ എറിഞ്ഞ് വിചിത്ര റെക്കോഡ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഒരു ബൗളര്‍ക്ക് പത്ത് ഓവറാണ് പരമാവധി എറിയാന്‍ സാധിക്കുക എന്ന നിയമമുള്ളപ്പോഴാണ് കാര്‍സണ്‍ 11 ഓവര്‍ പന്തെറിഞ്ഞത്. ഈ പിഴവ് അമ്പയര്‍മാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും ശ്രദ്ധയില്‍പ്പെടാതെ പോയതോടെയാണ് കാര്‍സണ്‍ ക്വാട്ട കഴിഞ്ഞിട്ടും മറ്റൊരു ഓവര്‍ പന്തെറിഞ്ഞത്.

11 ഓവര്‍ പന്തെറിഞ്ഞ് 41 റണ്‍സ് വഴങ്ങി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും കാര്‍സണ്‍ വീഴ്ത്തിയിരുന്നു. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 45ാം ഓവര്‍ എറിഞ്ഞതോടെ കാര്‍സണ്‍ തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് 47ാം ഓവറും താരം തന്നെ എറിഞ്ഞ് പൂര്‍ത്തിയാക്കുകയായിരുന്നു.

11ാം ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമാണ് കാര്‍സണ്‍ വഴങ്ങിയത്.

അതേസമയം, മത്സരത്തില്‍ ന്യൂസിലാന്‍ഡ് 111 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടി. സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെയും അമേല കേറിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഡിവൈന്‍ 121 പന്തില്‍ നിന്നും 17 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സ് നേടിയപ്പോള്‍ അമേല കേര്‍ 106 പന്തില്‍ നിന്നും 108 റണ്‍സും നേടി. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു കേറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ശ്രീലങ്കക്കായി ഒഷാദി രണസിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉദേശിക പ്രബോധിനി രണ്ട് വിക്കറ്റും സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

330 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ലങ്കന്‍ നിരയില്‍ കവീഷ ദില്‍ഹരി മാത്രമാണ് ചെറുത്ത് നിന്നത്. 98 പന്തില്‍ നിന്നും 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അനുഷ്‌ക സഞ്ജീവനിയാണ് ലങ്കയുടെ സെക്കന്‍ഡ് ഹൈയസ്റ്റ് റണ്‍ സ്‌കോറര്‍.

43 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ ന്യൂസിലാന്‍ഡ് വിട്ടുകൊടുത്തത്. കിവീസ് ബൗളര്‍മാര്‍ മത്സരിച്ച് 26 വൈഡുകളെറിഞ്ഞപ്പോള്‍ ബൈ ഇനത്തില്‍ അഞ്ച് റണ്‍സും നോ ബോള്‍, ലെഗ് ബൈ എന്നിവയിലൂടെ ഓരോ റണ്‍സും പിറന്നു. പെനാല്‍ട്ടിയിലൂടെയാണ് ശേഷിക്കുന്ന പത്ത് റണ്‍സ് എക്‌സ്ട്രാ ഇനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

ഒടുവില്‍ 48.4 ഓവറില്‍ ലങ്ക 218 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

കിവികള്‍ക്കായി ലീ താഹുഹു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഈഡന്‍ കാര്‍സണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഹന്നാ റോ, സോഫി ഡിവൈന്‍, അമേല കേര്‍, ഫ്രാന്‍ ജോണ്‍സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content highlight: New Zealand bowler bowls 11 over in an ODI

We use cookies to give you the best possible experience. Learn more