| Wednesday, 7th February 2024, 1:02 pm

ഒമ്പത് മെയ്ഡനും ഫോര്‍ഫറും; ആദ്യ ടെസ്റ്റില്‍ കിവീസ് ആധിപത്യം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് 251 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യ ഇന്നിങ്‌സില്‍ 511 റണ്‍സാണ് കിവികള്‍ നേടിയത്. തുടര്‍ബാറ്റിങ്ങില്‍ വെറും 162 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക നിലം പതിച്ചത്. രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയ കിവീസ് ഉയര്‍ന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ പ്രോട്ടിയാസിന് 247 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ ആദ്യത്തെ ടെസ്റ്റ് 251 റണ്‍സിന് വിജയിച്ച് ആധിപത്യം കാണിക്കുകയാണ് ന്യൂസിലാന്‍ഡ്.

രണ്ട് ഇന്നിങ്‌സിലും ന്യൂസിലാന്‍ഡ് ക്ലാസ് ബാറ്റര്‍ കെയ്ന്‍ വില്യംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ന്യൂസിലാഡിനെ വിജയത്തിലെത്തിച്ചത്. കെയ്‌ന് പുറമെ ആദ്യ ഇന്നിങ്‌സില്‍ രചിന്‍ രവീന്ദ്ര മുന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 366 പന്തില്‍ 240 റണ്‍സ് നേടിയാണ് താരം തന്റെ മെയ്ഡന്‍ ഡബിള്‍ സെഞ്ച്വറി നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിന് മോശം തുടക്കമായിരുന്നു. ഓപ്പണര്‍ എഡ്വാഡ് മൂര്‍ എട്ടു പന്തില്‍ പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ നെയില്‍ ബ്രാന്‍ഡ് മൂന്ന് റണ്‍സിനും കൂടാരം കയറി. പ്രോട്ടിയാസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഡേവിഡ് ബെഡിംഗം ആണ്. 96 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 13 ബൗണ്ടറിയും അടക്കം 87 റണ്‍സ് ആണ് താരം നേടിയത്. 90.63 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

റയ്‌നര്‍ഡ് വാന്‍ ടോന്റര്‍ 31 (88), സുബൈര്‍ ഹംസ 36 (92), റുവാന്‍ ഡി സ്വാര്‍ട് 34 (56) എന്നിവര്‍ പ്രോട്ടീസിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.
ന്യൂസിലാന്‍ഡിന്റെ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കൈല്‍ ജാമീസനാണ്. 17 ഓവറില്‍ മൂന്ന് മെയ്ഡ് അടക്കം 58 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് താരം നേടിയത്. മിച്ചല്‍ സാന്റ്‌നര്‍ 26 ഓവറില്‍ ഒമ്പത് മെയ്ഡന്‍ അടക്കം 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി മറ്റൊരു തകര്‍പ്പന്‍ പ്രകടനവും നടത്തി. 2.27 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

പരമ്പരയിലെ അവസാന ടെസ്റ്റ് ഫെബ്രുവരി 13 മുതല്‍ 17 വരെ സെഡോണ്‍ പാര്‍ക്കിലാണ് നടക്കുന്നത്.

Content Highlight: New Zealand Beat South Africa In First Test

We use cookies to give you the best possible experience. Learn more