| Sunday, 17th December 2023, 1:13 pm

രചിന്‍ ഡക്ക്, എന്നിട്ടും കിവീസ് വിജയം; മഴ പെയ്തത് ബംഗ്ലാദേശിന് വിനയായി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വിജയ തുടക്കം. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയില്‍ ടോസ് നേടിയ ബംഗ്ലാദേശ് കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ മൂലം 30 ഓവറില്‍ കളി ചുരുക്കിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 239 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഡി.എല്‍.എസ് രീതിയില്‍ വിജയിയെ തെരഞ്ഞെടുത്തപ്പോള്‍ 44 റണ്‍സിനയിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത കിവിസ് ഓപ്പണര്‍ വില്‍ യങ് 84 പന്തില്‍ നിന്നും 14 ബൗണ്ടറികളും ആറ് സിക്‌സറുകളും അടിച്ചു 105 റണ്‍സ് ആണ് ടീമിനുവേണ്ടി സമ്മാനിച്ചത്. 125 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയത്. എന്നാല്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ന്യൂസിലാന്‍ഡിന്റെ യുവ സ്റ്റാര്‍ ബാറ്റര്‍ രജിന്‍ രവീന്ദ്രയും വണ്‍ ടൗണില്‍ ഇറങ്ങിയ ഹെന്‍ട്രി നിക്കോളാസും പൂജ്യം റണ്‍സിന് പുറത്താക്കുകയായിരുന്നു.

ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ടോം ലാദം 77 പന്തില്‍ നിന്നും മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 92 റണ്‍സാണ് നേടിയത്. മാര്‍ക്ക് ചാംപ്മാന്‍ 11 പന്തില്‍ ഇരുപത് റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ജോഷ് ക്ലാര്‍ക്ക്‌സണ്‍, ടോം ബ്ലഡ് വെല്‍ ആദം മില്‍നി എന്നിവര്‍ ഓരോ റണ്‍സ് വീതം എടുത്തു മടങ്ങുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി ഷോറൈഫ് ഇസ്ലാം രണ്ട് വിക്കറ്റും മെഹ്ദി ഹസന്‍ ഒരു വിക്കറ്റും നേടി. മത്സരത്തില്‍ നാല് റണ്‍ ഔട്ടുകളാണ് പിറന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിനും തുടക്കം പിഴയ്ക്കുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ നാലു പന്ത് കളിച്ചു പൂജ്യത്തിന് പുറത്തായപ്പോള്‍ അനാമുള്‍ ഹഖ് ആണ് 39 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ അടക്കം 43 റണ്‍സ് നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. നജ്മല്‍ ഹുസൈന്‍ 15 (13), ലിട്ടണ്‍ ദാസ് 22 (19), തൗഹീദ് ഹൃദോയി 33 (27), അഫീഫ് ഹുസൈന്‍ 38 (28), മെഹ്ദി ഹസന്‍ 28* (21) റണ്‍സാണ് ടീമിന് നേടിക്കൊടുത്തത്. എന്നാല്‍ നിശ്ചിത ഓവറില്‍ കളി ജയിക്കാനായില്ല.

മികച്ച രീതിയില്‍ ബൗള്‍ ചെയ്ത ന്യൂസിലാന്‍ഡിന്റെ ആദം മില്‍നി, ഇഷ് സോധി, ജോഷ് ക്ലാര്‍സണ്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജേക്കബ് ഡഫി, വില്‍ ഒ റോര്‍ക്കി, രെചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും വീതവും വീഴ്ത്തി.

Content Highlight: New Zealand beat Bangladesh in ODI

We use cookies to give you the best possible experience. Learn more