ന്യൂസിലാന്‍ഡും ശ്രീലങ്കയും രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ലങ്കന്‍ സിംഹങ്ങള്‍ 602/5 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ കിവീസ് വെറും 88 റണ്‍സിന് പുറത്താവുകയായിരുന്നു. മോശം സ്‌കോറില്‍ പുറത്തായ കിവീസ് രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ മഴ പെയ്ത് നിലവില്‍ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ന്യൂസിലാന്‍ഡിന്റെ ഓപ്പണര്‍ ടോം ലാതത്തിനെ പുറത്താക്കിയാണ് ലങ്ക തുടങ്ങിയത്. ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ ആറാം പന്തിലാണ് താരം പുറത്തായത്. ആറ് പന്തും കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ആദ്യ ഇന്നിങ്‌സിലും താരം ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്.
രണ്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ സാധിച്ചത്. ഇതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും തുടക്ക ഓവറില്‍ പുറത്താകുന്നത്.
താരത്തിന് പുറമെ ഡെവോണ്‍ കോണ്‍വെ 61 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്ല്യംസണിന് 46 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നിലവില്‍ ക്രീസിലുള്ളത് 47 റണ്‍സ് നേടിയ ടോം ബ്ലണ്ടലും 32 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സുമാണ്. ലങ്കയ്ക്ക് വേണ്ടി യുവ സ്പിന്‍ ബൗളര്‍ നിഷാന്‍ പീരിസ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബൗളര്‍ പ്രഭാത് ജയസൂര്യ, ധനഞ്ജയ ഡി സില്‍വയ എന്നിവര്‍ ഒരു വിക്കറ്റും നേടി.
Content Highlight: New Zealand Batter In Un Wanted Record Against Sri Lanka