ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ബൗളര്‍മാരുടെ പേരിലെഴുതപ്പെട്ടേക്കും എന്ന വ്യക്തമാക്കിയാണ് ഇരുടീമിന്റെയും ബൗളര്‍മാര്‍ നിറഞ്ഞാടുന്നത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 15 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് ബൗളര്‍മാര്‍ ബാറ്റര്‍മാരെ കടന്നാക്രമിക്കുന്നത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ബംഗ്ലാദേശിനെ ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടാക്കിയിരുന്നു. ബൗളര്‍മാരിലൂടെ തന്നെയാണ് ബംഗ്ലാദേശും ഇതിന് മറുപടി നല്‍കിയത്. ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ 12.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് തന്നെ രണ്ട് ഓപ്പണര്‍മാരും മടങ്ങിയിരുന്നു. മഹ്‌മുദുല്‍ ഹസന്‍ ജോയ് 40 പന്തില്‍ 14 റണ്‍സടിച്ച പുറത്തായപ്പോള്‍ സാക്കിര്‍ ഹസന്‍ 24 പന്തില്‍ എട്ട് റണ്‍സും നേടി പുറത്തായി.
ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മോമിനുല്‍ ഹഖ് എന്നിവര്‍ ഒറ്റയക്കത്തിന് പുറത്തായി. 83 പന്തില്‍ 35 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമും 102 പന്തില്‍ 31 റണ്‍സ് നേടിയ ഷഹാദത് ഹൊസൈനുമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍മാര്‍.
ഒടുവില്‍ 66.2 ഓവറില്‍ ബംഗ്ലാദേശ് 172 റണ്‍സിന് ഓള്‍ ഔട്ടായി.
ന്യൂസിലാന്‍ഡിനായി മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും നേടി. മുഷ്ഫിഖര്‍ റഹീം ഹാന്‍ഡിലിങ് ദി ബോളിലൂടെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ടിം സൗത്തി അവസാന വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് തിരിച്ചടിച്ചിരുന്നു. ഡെവോണ്‍ കോണ്‍വേ (14 പന്തില്‍ 11), ടോം ലാഥം (20 പന്തില്‍ 4), ഹെന്റി നിക്കോള്‍സ് (10 പന്തില്‍ 1) എന്നിവരാണ് പുറത്തായത്.
നായകന്‍ കെയ്ന്‍ വില്യംസണ്‍ 14 പന്തില്‍ 13 റണ്‍സടിച്ച് പുറത്തായപ്പോള്‍ സില്‍വര്‍ ഡക്കായാണ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ പുറത്തായത്.
പത്ത് പന്തില്‍ 12 റണ്‍സുമായി ഡാരില്‍ മിച്ചലും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് നിലവില്‍ കിവീസിനായി ക്രീസില്‍.
ബംഗ്ലാദേശിനായി ആദ്യ ദിനം മെഹിദി ഹസന്‍ മൂന്നും തൈജുല്‍ ഇസ്‌ലാം രണ്ട് വിക്കറ്റും നേടി.
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശ് സീരിസില്‍ മുമ്പിലെത്തിയിരുന്നു. ഇതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-2025 സൈക്കിളിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ബംഗ്ലാദേശിനായി.
മിര്‍പൂര്‍ ടെസ്റ്റില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാം എന്നിരിക്കെ വിജയിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് കടുവകള്‍ ഒരുങ്ങുന്നത്.
Content Highlight: New Zealand – Bangladesh 2nd Test, bowlers of both teams shine