ന്യൂസിലാന്‍ഡിനായി ഒരു ടെസ്റ്റും 42 ഏകദിനവും നാല് ടി-20യും ആദംസ് കളിച്ചിട്ടുണ്ട്.
വിവിധ ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവ സമ്പത്ത് വേണ്ടുവോളമുള്ള താരമാണ് ആദംസ്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാനികളായ ന്യൂ സൗത്ത് വെയ്ല്‍സിന്റെ കോച്ചായി അദ്ദേഹം തിളങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവിന് പ്രധാന കാരണക്കാരില്‍ ഒരാളും ആദംസ് തന്നെയായിരുന്നു.
ന്യൂസിലന്‍ഡ് വനിതാ ടീമിന്റെ ബൗളിങ് കോച്ചായി കഴിഞ്ഞ വര്‍ഷം ആദംസ് സ്ഥാനമേറ്റിരുന്നു. ന്യൂസിലാന്‍ഡിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലാണ് ആദംസ് പരിശീലകന്റെ റോളിലെത്തിയത്. പരമ്പരയെ മഴ കാര്യമായി തന്നെ ബാധിച്ചപ്പോള്‍ സീരീസ് 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.
പ്രധാന പരിശീകന്‍ ഗാരി സ്റ്റഡിനും ബാറ്റിങ് കോച്ച് ലൂക് റോഞ്ചിക്കുമൊപ്പം ആദംസും ചേരുകയാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നു.
ജനുവരി 12നാണ് ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഈഡന്‍ പാര്‍ക്കാണ് വേദി. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ക്ക് ഹാമില്‍ട്ടണും ഡണ്‍ഡിനും വേദിയാകുമ്പോള്‍ ക്രൈസ്റ്റ് ചര്‍ച്ചിലാണ് അവസാന രണ്ട് മത്സരങ്ങളും അരങ്ങേറുക.
ന്യൂസിലാന്‍ഡ് ദേശീയ ടീമിനുവേണ്ടി 47 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ആദംസ് കൗണ്ടി ക്രിക്കറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. നോട്ടിങ്ഹാംഷെയര്‍, ഹാംഷെയര്‍, എസക്‌സ് ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളിച്ചത്. ഇതിന് പുറമെ ന്യൂസിലാന്‍ഡ് ഡൊമസ്റ്റിക് ക്രിക്കറ്റിലും മുന്‍ താരം സജീവമായിരുന്നു.
ക്രിക്കറ്റ് ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കെവെ എതിര്‍ ടീമിലെ ബെവന്‍ ഗ്രിഗ്‌സിനെ കയ്യേറ്റം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മാസം താരത്തിന് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.
ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായാണ് ചുമതലയേറ്റതെങ്കിലും പരമ്പരയില്‍ ആദംസിന് കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.