ലോകത്തെ ഞെട്ടിച്ച സര്‍പ്രൈസ്, നൂറ്റാണ്ടിന്റെ തിരിച്ചുവരവ്; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
icc world cup
ലോകത്തെ ഞെട്ടിച്ച സര്‍പ്രൈസ്, നൂറ്റാണ്ടിന്റെ തിരിച്ചുവരവ്; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th September 2023, 9:21 am

അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. സൂപ്പര്‍ താരം കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവാണ് ന്യൂസിലാന്‍ഡ് സ്‌ക്വാഡിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഐ.പി.എല്‍ 2023നിടെ സാരമായി പരിക്കേറ്റ വില്യംസണ്‍ ഈ ലോകകപ്പില്‍ കളിച്ചേക്കില്ല എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ക്യാപ്റ്റന്റെയോ പ്ലെയറുടെയോ റോളിന് പകരം മെന്ററുടെ റോളില്‍ വില്യംസണ്‍ ഇന്ത്യയിലേക്ക് പറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

 

എന്നാല്‍  കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ വില്യംസണ്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ കിരീടമോഹങ്ങളും വില്യംസണിലാണ് ആരാധകര്‍ അര്‍പ്പിക്കുന്നത്.

 

സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ന്യൂസിലാന്‍ഡ് ലോകകപ്പ് ടീമിന്റെ ഭാഗമാണ്. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും നേരത്തെ വിട്ടുനിന്ന ബോള്‍ട്ട് വീണ്ടും കിവീസ് ബൗളിങ് യൂണിറ്റിനെ നയിക്കാന്‍ ഒരുങ്ങുകയാണ്.

മികച്ച ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റുമായാണ് ബ്ലാക് ക്യാപ്‌സ് ലോകകപ്പിനിറങ്ങുന്നത്. കെയ്ന്‍ വില്യംസണ് പുറമെ ഡെവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, വില്‍ യങ് എന്നിവര്‍ ബാറ്റിങ് നിരയ്ക്ക് കരുത്തേകുമ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഇഷ് സോധി, രചിന്‍ രവീന്ദ്ര എന്നിവര്‍ ബൗളിങ് യൂണിറ്റിനെയും മുമ്പില്‍ നിന്ന് നയിക്കും.

ടോം ലാഥമാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തുന്നത്. ക്യാപ്റ്റനായ വില്യംസണിന്റെ ഡെപ്യൂട്ടിയും ലാഥം തന്നെയാണ്.

ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസന്‍, ഡെവോണ്‍ കോണ്‍വേ, മാറ്റ് ഹെന്റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ് നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യങ്.

ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ന്യൂസിലാന്‍ഡ് ആദ്യമിറങ്ങുന്നത്. ഇംഗ്ലണ്ടാണ് എതിരാളികള്‍. 2019 ലോകകപ്പ് ഫൈനലില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച പല കണക്കുകളും തീര്‍ത്തുകൊണ്ട് ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കാനാകും ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്.

അതേസമയം, ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ കിവികള്‍ പരാജയപ്പെട്ടിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 79 റണ്‍സിനാണ് സന്ദര്‍ശകര്‍ പരാജയപ്പെട്ടത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 227 റണ്‍സിന്റെ വിജയലക്ഷ്യം 34 ഓവറിനുള്ളില്‍ ചെയ്‌സ് ചെയ്ത് ജയിക്കാനിറങ്ങിയ കിവികള്‍ക്ക് പിഴയ്ക്കുകയും 147 റണ്‍സിന് ഓള്‍ ഔട്ടാവുകയുമായിരുന്നു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിന് ശേഷം 1-1ന് സമനിലയിലെത്താനും ഇംഗ്ലണ്ടിനായി.

 

സെപ്റ്റംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. ഓവലാണ് വേദി.

 

 

 

Content highlight: New Zealand announces World Cup squad