14 മാസങ്ങള്‍ക്ക് ശേഷം അവനെ തിരിച്ചുവിളിക്കണമെങ്കില്‍ രണ്ടും കല്‍പിച്ച് തന്നെ; ലോകകപ്പ് മുമ്പില്‍ കണ്ട് ടീം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
Sports News
14 മാസങ്ങള്‍ക്ക് ശേഷം അവനെ തിരിച്ചുവിളിക്കണമെങ്കില്‍ രണ്ടും കല്‍പിച്ച് തന്നെ; ലോകകപ്പ് മുമ്പില്‍ കണ്ട് ടീം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th February 2024, 7:46 am

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് കിവികള്‍. മിച്ചല്‍ സാന്റ്‌നറിനെ ക്യാപ്റ്റനാക്കി 14 അംഗ ടീമാണ് ബ്ലാക് ക്യാപ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 21നാണ് പരമ്പര ആരംഭിക്കുന്നത്.

സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടിനെ തിരിച്ചുവിളിച്ചാണ് ന്യൂസിലാന്‍ഡ് പരമ്പരക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട്, മൂന്ന് മത്സരങ്ങളിലായിരിക്കും ബോള്‍ട്ട് ആതിഥേയര്‍ക്കൊപ്പം ചേരുക.

ആദ്യ മത്സരത്തില്‍ മാത്രം ടീമിന്റെ ഭാഗമാകുന്ന ടിം സൗത്തിക്ക് പകരക്കാരനായാണ് ബോള്‍ട്ട് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. നീണ്ട 14 മാസങ്ങള്‍ക്കിപ്പുറമാണ് ബോള്‍ട്ട് ദേശീയ ജേഴ്‌സിയണിയുന്നത്.

2022 ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ (നവംബര്‍ 9, 2022) പാകിസ്ഥാനെതിരെയാണ് ബോള്‍ട്ട് അവസാനമായി ന്യൂസിലാന്‍ഡിനായി പന്തെറിഞ്ഞത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് 33 റണ്‍സിന് രണ്ട് വിക്കറ്റും നേടിയിരുന്നു.

ഇതിന് പുറമെ പുതുമുഖമായി ഓള്‍ റൗണ്ടര്‍ ജോഷ് ക്ലാര്‍ക്‌സണിനെയും ടീം സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആഭ്യന്തര തലത്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടിറ്റിന്റെ താരമായ ക്ലാര്‍ക്‌സണ്‍ ടി-20 ഫോര്‍മാറ്റില്‍ 77 ഇന്നിങ്‌സില്‍ നിന്നും 1,625 റണ്‍സ് നേടിയിട്ടുണ്ട്.

28.01 എന്ന ശരാശരിയിലും 148.40 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.

വിരലിനേറ്റ പരിക്ക് കാരണം മൈക്കല്‍ ബ്രേസ്വെല്‍ ടീമിന്റെ ഭാഗമാകില്ല. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുന്നതിനാല്‍ ജിമ്മി നീഷവും ഓസീസിനെതിരെ കിവികള്‍ക്കൊപ്പമുണ്ടാകില്ല.

ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ ടി-20 പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ മത്സരം – ഫെബ്രുവരി 21 – വെല്ലിങ്ടണ്‍ റീജ്യണല്‍ പാര്‍ക്

രണ്ടാം മത്സരം – ഫെബ്രുവരി 23 – ഈഡന്‍ പാര്‍ക്

മൂന്നാം മത്സരം – ഫെബ്രുവരി 25 – ഈഡന്‍ പാര്‍ക്

ടി-20 പരമ്പരക്ക് ശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസീസ് ന്യൂസിലാന്‍ഡില്‍ കളിക്കും.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

മിച്ചല്‍ സാന്റ്‌നര്‍, ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്*, മാര്‍ക് ചാപ്മാന്‍, ജോഷ് ക്ലാര്‍ക്‌സണ്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ആദം മില്‍നെ, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട് (വിക്കറ്റ് കീപ്പര്‍), ഇഷ് സോധി, ടിം സൗത്തി**

* – രണ്ട്, മൂന്ന് മത്സരങ്ങളില്‍ മാത്രം

** – ആദ്യ മത്സരത്തില്‍ മാത്രം

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്, ടിം ഡേവിഡ്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, പാറ്റ് കമ്മിന്‍സ്.

 

Content Highlight:  New Zealand announces t20 squad for Australia’s tour of New Zealand