| Thursday, 18th July 2019, 11:52 am

അവസാനനിമിഷം കണ്ടത് സൂപ്പര്‍ ഓവറിലെ ശിഷ്യന്റെ സിക്‌സ്; നീഷാമിന്റെ പരിശീലകന്‍ മരിച്ചത് ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിന്റെ ബാല്യകാല പരിശീലകന്‍ ഡേവിഡ് ജെയിംസ് ഗോര്‍ഡന്‍ മരിച്ചത് ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ. ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക് കടന്നതോടെ ബാറ്റ് ചെയ്യുന്നതിനിടെ ജിമ്മി നിഷാം സിക്‌സ് നേടിയിരുന്നു. ആ സമയം തന്നെയാണ് ഗോര്‍ഡന്റെ ശ്വാസം നിലച്ചതെന്ന് നഴ്‌സ് പറഞ്ഞതായി അദ്ദേഹത്തിന്റെ മകള്‍ ലിയോനി പറഞ്ഞു.

‘അവസാന ഓവറിന്റേയും സൂപ്പര്‍ ഓവറിന്റേയും സമയത്ത് അദ്ദേഹത്തിന്റെ ശ്വാസനിലയില്‍ മാറ്റമുണ്ടായിരുന്നതായി നഴ്‌സ് വന്ന് പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നു ജിമ്മി നീഷാം ആ സിക്‌സ് അടിക്കുന്നത് കണ്ടാണ് അദ്ദേഹത്തിന്റെ ശ്വാസം നിലച്ചതെന്ന്.’- ലിയോനി സ്റ്റ്ഫ്.കോ.എന്‍.ഇസഡ് എന്ന മാധ്യമത്തോട് പറഞ്ഞു.

ഗോര്‍ഡന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജിമ്മി നീഷാം ട്വീറ്റ് ചെയ്തിരുന്നു. പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു നീഷാമെന്ന് ലിയോനി ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തു.

നീഷാമിനെ കൂടാതെ ന്യൂസിലാന്റ് പേസര്‍ ലൂക്കി ഫെര്‍ഗൂസനെ പരിശീലിപ്പിച്ചതും ഗോര്‍ഡനാണ്. ഓക്ലാന്റ് ഗ്രാമര്‍ സ്‌കൂളിലെ കായികധ്യാപകനായി 25 വര്‍ഷം ഗോര്‍ഡന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ലോര്‍ഡ്‌സ് ഞായറാഴ്ച വേദിയായത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യസ്‌കോര്‍ നേടിയപ്പോള്‍ ബൗണ്ടറികളുടെ എണ്ണമാണ് വിജയിയയെ നിശ്ചയിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more