ന്യൂസിലാന്‍ഡിനെ പന്തുകള്‍കൊണ്ട് പിഴുതെറിഞ്ഞ് ഇന്ത്യന്‍ ബൗളേഴ്‌സ്. പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ മിന്നിതിളങ്ങാനായി.
34.3 ഓവറില്‍ ന്യൂസിലാന്‍ഡിനെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യയുടെ ബൗളേഴ്‌സ് കളം നിറഞ്ഞാടിയത്. 6 ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് മിന്നും പ്രകടനമാണ് മുഹമ്മദ് ഷമി നടത്തിയത്.
ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും രണ്ട് വീതം വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കുറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഇന്ത്യന്‍ ബൗളേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ ബൗളിങ്ങിനെ വിലയിരുത്തുന്നത്.
ആദ്യ ഓവറില്‍ ന്യൂസിലാന്‍ഡിന് അക്കൗണ്ട് തുറക്കാന്‍ സാധിക്കും മുമ്പ് തന്നെ സ്റ്റാര്‍ പേസര്‍ ഷമി എതിരാളികള്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയിരുന്നു. ഓപ്പണര്‍ ഫിന്‍ അലനെ ഡക്കാക്കിക്കൊണ്ടായിരുന്നു ഇന്ത്യ തുടങ്ങിയത്.
സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സായപ്പോഴേക്കും രണ്ടാം വിക്കറ്റും വീണു. 20 പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടിയ ഹെന്റി നിക്കോള്‍സിനെ ഗില്ലിന്റെ കൈകളിലെത്തിച്ച് സിറാജ് തന്റെ ക്ലാസ് തെളിയിച്ചു.
ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും നിലം പൊത്തി. ഇത്തവണയും കിവികളെ ഞെട്ടിച്ചത് ഷമിയായിരുന്നു. ഡാരില്‍ മിച്ചലിനെ സ്വയം ക്യാച്ചെടുത്ത് ഷമി മടക്കി. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സായപ്പോഴേക്കും അടുത്ത രണ്ട് വിക്കറ്റുകളും നഷ്ടമായി. 15ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ബ്ലാക് ക്യാപ്സ് കുത്തനെ വീണു.
കഴിഞ്ഞ മരത്തില്‍ ന്യൂസിലാന്‍ഡിന്റെ ഹീറോയായ മൈക്കല്‍ ബ്രേസ്വെല്ലും 22 റണ്‍സെടുത്ത് പുറത്തായതോടെ ന്യൂസിലാന്‍ഡിന്റെ പതനം ഏകദേശം ഉറപ്പാക്കിയതായിരുന്നു. എന്നാല്‍ മിച്ചല്‍ സാന്റനറും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് പതിയെ റണ്‍സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സാന്റ്‌നറെ ഹാര്‍ദിക് പാണ്ഡ്യയും ഫിലിപ്‌സിനെ വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി. ഒടുവില്‍ കുല്‍ദീപ് യാദവ് അവസാന വിക്കറ്റ് കൂടി എടുത്തതോടെ ന്യൂസിലാന്‍ഡിന്റെ പതനം പൂര്‍ത്തിയായി.
ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ പരമ്പരയില്‍ വിജയിച്ച ഇന്ത്യക്ക് റായ്പൂരിലും വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
Content Highlight: New Zealand all out for 108 in second ODI against India