| Wednesday, 12th June 2019, 5:29 pm

ന്യൂയോര്‍ക്ക് ടൈംസും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി; വിവാദം തന്നെ കാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അന്താരാഷ്ട്ര എഡിഷനില്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസും. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ തീരുമാനം. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പത്രം നേരത്തെ ക്ഷമാപണം നടത്തിയിരുന്നു.

ജൂത തൊപ്പി ധരിച്ച അന്ധനായ ട്രംപിന്റെ പുറകില്‍ പോകുന്ന നായയായി നെതന്യാഹുവിനെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നു. ഈ കാര്‍ട്ടൂണ്‍ ജൂതസമൂഹത്തിന്റെ എതിര്‍പ്പിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്രം മാപ്പ് പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് എഡിറ്റര്‍ ജെയിംസ് ബെന്നറ്റ് പറഞ്ഞു. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കിയത് ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ പുറത്ത് വന്നതിന് ശേഷമാണെന്ന് ചീഫ് കാര്‍ട്ടൂണിസ്റ്റായ പാട്രിക്ക് ചപ്പട്ടെ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിചാരണയും ആശങ്കയുണ്ടാക്കുന്നുവെന്നും ചപ്പെട്ട പറഞ്ഞു. ട്രംപിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പറഞ്ഞത് കൊണ്ടുമാത്രം സ്ഥാപനത്തിലെ പല മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെയും ജോലി കളയാനിടയാക്കിയെന്നും ചപ്പട്ടെ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more