ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ നേട്ടത്തിനായി കൊവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയ്‌ക്കെതിരെ കേന്ദ്രം രംഗത്ത്.
റിപ്പോര്‍ട്ട് പ്രകോപനപരവും ശ്രദ്ധനേടാനുള്ളതുമാണെന്ന് കേന്ദ്രം ആരോപിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.’ഇന്ത്യയില്‍ മാരകമായ കൊവിഡ് തരംഗം അടുക്കുമ്പോള്‍, രാഷ്ട്രീയം ശാസ്ത്രത്തെ മറികടക്കുന്നു’ എന്ന തലക്കെട്ടിലായിരുന്നു ന്യൂയോര്‍ക് ടൈംസില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ ഗവേഷകരെയും രേഖകളെയും ഉദ്ധരിച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്’ മുന്‍ഗണന നല്‍കാനും കൊറോണ വൈറസ് ഭീഷണിയെ നിസ്സാരവല്‍ക്കരിക്കാനും നിര്‍ബന്ധിതരായി എന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ‘ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതാണ്,ഒരുപക്ഷേ ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല,’ എന്നും അദ്ദേഹം അവകാശപ്പെട്ടു.
നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോളും ലേഖനത്തെ വിമര്‍ശിച്ചു, ഇത് യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നതിനും നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രചാരണം ആരംഭിക്കുന്നതിനുമുള്ള ഒരു പഠനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്രജ്ഞര്‍ ഒരു പുതിയ കൊവിഡ് -19 പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറച്ചുകാണിച്ചെന്നുമാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില് പറഞ്ഞത്.
രാജ്യത്ത് കൊവിഡ് ഒന്നാം തരംഗം 2020 സെപ്റ്റംബറോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും 2021 ഫെബ്രുവരിയോടെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐ.സി.എം.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ കൊവിഡിനെ അതിജീവിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ട് മാസം കഴിഞ്ഞ് മാര്‍ച്ചോടെ ഇന്ത്യയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുകയും രണ്ടാം തരംഗം ആരംഭിക്കുകയും ചെയ്തിരുന്നു.
രണ്ടാം കൊവിഡ് തരംഗം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഗണിത മാതൃക തയാറാക്കുന്നതിനെ കുറിച്ച് ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തില്‍നിന്ന് നല്ല മറുപടിയല്ല ലഭിച്ചതെന്ന് ഐ.സി.എം.ആറില്‍ ശാസ്ത്രജ്ഞനായിരുന്ന അനൂപ് അഗര്‍വാള്‍ ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞു. കൂടാതെ, സയന്‍സ് ജേണലായ നേച്വറില്‍ 2021 ജനുവരിയില്‍ വന്ന കൊവിഡ് രണ്ടാം തരംഗത്തെ പ്രവചിച്ചുള്ള പഠനം പിന്‍വലിക്കാന്‍ ഐ.സി.എം.ആര്‍ നേതൃത്വം സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതിന് പിന്നാലെ ശാസ്ത്രജ്ഞന്‍ അനൂപ് അഗര്‍വാള്‍ 2021 ഒക്‌ടോബറില്‍ ഐ.സി.എം.ആറില്‍നിന്ന് രാജിവെച്ചിരുന്നെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നടത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.