ന്യൂയോർക്ക്: ഗസയിലെ അൽ അഹ്‌ലി ആശുപത്രിയിലെ ബോംബാക്രമണം ഹമാസിന്റെ റോക്കറ്റിന് ലക്ഷ്യസ്ഥാനം മാറി സംഭവിച്ചതാണെന്ന ഇസ്രഈൽ വാദം തെറ്റാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ കണ്ടെത്തൽ.
ഒക്ടോബർ 17ന് അൽ ജസീറയുടെ ലൈവ്സ്ട്രീമിങ്ങിൽ ദൃശ്യമായ ഹമാസിന്റെ റോക്കറ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ആശുപത്രിയിൽ ആക്രമണം നടത്തിയത് തങ്ങളല്ല ഹമാസ് ആണെന്ന് ഇസ്രഈൽ വാദിച്ചത്. ഇസ്രഈലിന്റെ വാദത്തെ അമേരിക്ക ആവർത്തിക്കുകയും ചെയ്തിരുന്നു.
വീഡിയോ വിശദമായി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ന്യൂയോർക്ക് ടൈംസ്. വീഡിയോയിൽ കാണുന്ന റോക്കറ്റ് അല്ല ആശുപത്രി ആക്രമണത്തിന് കാരണമെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഈ റോക്കറ്റ് യഥാർത്ഥത്തിൽ ആകാശത്ത് രണ്ട് മൈൽ ഉയരത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് കണ്ടെത്തി. ഇതേദിവസം ഇസ്രഈൽ – ഗസ അതിർത്തിയിൽ നടന്ന സംഘർഷവുമായി ഈ റോക്കറ്റിന് ബന്ധമില്ലെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഇതേസമയം ഇസ്രഈൽ ബോംബാക്രമണം നടന്നിരുന്നുവെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രി ആക്രമണം നടന്ന് രണ്ട് മിനിട്ടുകൾക്കകം ആശുപത്രിക്ക് സമീപം ഇസ്രഈലിൽ നിന്നുള്ള രണ്ട് സ്ഫോടനങ്ങൾ വിഡിയോയിൽ വ്യക്തമാണ്.
ആശുപത്രിയിൽ നാശനഷ്ടമുണ്ടാകുന്ന പരിധിയിൽ നിന്നല്ല തങ്ങൾ ആക്രമണം നടത്തിയതെന്ന് അറിയിച്ച ഇസ്രഈൽ സൈനിക വക്താവ് മേജർ. നിർ ദിനാർ എത്ര ദൂരത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് പറയാൻ വിസമ്മതിച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ആരാണ് ആശുപത്രി അക്രമണത്തിന് പിന്നിലെന്നോ എന്താണ് ആക്രമണത്തിന് കാരണമായതെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് പറഞ്ഞു. എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇസ്രഈൽ മുന്നോട്ട് വച്ച തെളിവിൽ സംശയം നിലനിൽക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഫലസ്തീനി റോക്കറ്റിന്റെ മോട്ടോറിന് കേടുപാടുകൾ സംഭവിച്ച് ആശുപത്രി പരിസരത്ത് പതിച്ചുവെന്നാണ് വീഡിയോ പരിശോധനയിൽ കണ്ടെത്തിയതെന്ന് യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തിൽ പുതിയ വിവരം ലഭിച്ചാൽ തങ്ങളുടെ വിലയിരുത്തൽ മാറാമെന്ന് അറിയിച്ച ഇന്റലിജൻസ് വിഭാഗം തങ്ങളുടെ നിഗമനങ്ങളിൽ ആത്മവിശ്വാസമുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
Content Highlight: New York Times dissects widely circulated Gaza hospital attack evidence video, ‘casts doubt on Israel’s claims’