ഇന്റര്‍നെറ്റില്‍ സെന്‍സേഷനായ വേഡില്‍ ഗെയിം സ്വന്തമാക്കി ന്യൂയോര്‍ക്ക് ടൈംസ്; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്
World News
ഇന്റര്‍നെറ്റില്‍ സെന്‍സേഷനായ വേഡില്‍ ഗെയിം സ്വന്തമാക്കി ന്യൂയോര്‍ക്ക് ടൈംസ്; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 10:18 am

വൈറലായ പദപ്രശ്‌ന ഗെയിം വേഡിലിനെ (Wordle) ന്യൂയോര്‍ക്ക് ടൈംസ് വാങ്ങി.

എത്ര തുകക്കാണ് ഗെയിം വാങ്ങിയത് എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. എന്നാല്‍ ഏഴക്ക തുകക്കാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം ഗെയിം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഗെയിമിനെ ന്യൂയോര്‍ക്ക് ടൈംസ് ഏറ്റെടുത്തതില്‍ ത്രില്ലടിച്ചിരിക്കുകയാണ് ഗെയിമിന്റെ ക്രിയേറ്ററായ ജോഷ് വാഡില്‍. റെഡ്ഡിറ്റ് എഞ്ചിനീയറാണ് ജോഷ് വാഡില്‍.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു വേഡില്‍ ഗെയിം പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് പ്രതിദിന യൂസേഴ്‌സിനെയാണ് ഗെയിം നേടിയെടുത്തത്. ഇതോടെ ഗെയിം ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറുകയായിരുന്നു.

ദിവസേന അഞ്ച് അക്ഷരങ്ങളുള്ള ഒരു വാക്ക് കണ്ടെത്താന്‍ ആറ് അവസരങ്ങള്‍ മാത്രം പ്ലയേഴ്‌സിന് നല്‍കുന്ന രീതിയിലാണ് ഗെയിം.

പദപ്രശ്‌നങ്ങള്‍ ഇഷ്ടപ്പെടുന്ന തന്റെ പാര്‍ട്ണര്‍ക്ക് വേണ്ടിയായിരുന്നു ജോഷ് വാഡില്‍ ഗെയിം സൃഷ്ടിച്ചത്. ഗെയിം വൈറലായതിനെക്കുറിച്ച് അദ്ദേഹം ഗാര്‍ഡിയനോട് പ്രതികരിച്ചു.

”ഗെയിം വൈറലായതില്‍ സന്തോഷത്തെക്കാളുപരി ഉത്തരവാദിത്തമാണ് തോന്നിയത്, കളിക്കാരോടുള്ള ഉത്തരവാദിത്തം. ഇത് എന്റെ മുഴുവന്‍സമയ ജോലിയല്ല. എന്റെ ജീവിതത്തില്‍ ഈ ഗെയിം ഒരു മാനസിക സംഘര്‍ഷമോ ആശങ്കയോ ആവാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല,” വാഡില്‍ പറഞ്ഞു.


Content Highlight: New York Times buys viral game Wordle for seven-figure sum