| Wednesday, 10th January 2024, 11:40 am

സിനഗോഗിന് താഴെ രഹസ്യ തുരങ്കങ്ങൾ; ജൂതരെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: സിനഗോഗിന് താഴെ നിർമിച്ച രഹസ്യ തുരങ്കങ്ങൾ നികത്താൻ ശ്രമിച്ച തൊഴിലാളികളെ തടഞ്ഞതിൽ നിരവധി ജൂതരെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണ തൊഴിലാളികളെ തടയുകയും തുരങ്കം നികത്തുന്നതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുരങ്കമടയ്ക്കാനായി എത്തിയ സിമന്റ് ട്രക്കുകൾ ഒരുകൂട്ടം യുവാക്കൾ നശിപ്പിച്ചതിന് പിന്നാലെയാണ് ചബാദ് ലുബാവിച്ച് വേൾഡ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് പൊലീസിനെ എത്തിച്ചത്.

“ദ 770” എന്നറിയപ്പെടുന്ന ഈ കെട്ടിടം ചബാദ് ലുബാവിച്ച് എന്ന ലോകത്തിലെ ഏറ്റവും വലിയ ഹസിടിക് ജൂതസംഘടനയുടെ ആസ്ഥാനമാണ്.

ആളുകളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുകാരെ അവിടെ ഉണ്ടായിരുന്ന പ്രതിഷേധക്കാർ കളിയാക്കുകയും പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നും പത്തോളം ആളുകൾ അവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്തുവെന്നും പ്രാദേശിക വാർത്ത മാധ്യമമായ ക്രൗൺ ഹൈറ്റ്സ് ഇൻഫോ റിപ്പോർട്ട് ചെയ്തു.

എന്നാണ് തുരങ്കങ്ങൾ നിർമ്മിച്ചതെന്നും എന്തിനാണ് നിർമ്മിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. 2020, 2021 കോവിഡ് ലോക്ക് ഡൗൺ സമയത്ത് രഹസ്യമായി പ്രാർത്ഥന നടത്തുന്നതിനു വേണ്ടിയാണ് ഈ തുരങ്കങ്ങൾ നിർമ്മിച്ചത് എന്ന് പറയുന്നു.

കെട്ടിടത്തിന്റെ വലുപ്പം അനധികൃതമായി കൂട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇതിന് രണ്ടുവർഷത്തോളം എടുത്തുവെന്നും വാർത്ത ഏജൻസിയായ ഫോർവേഡ് റിപ്പോർട്ട് ചെയ്തു

.

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഈ തുരങ്കങ്ങൾ കണ്ടെത്തിയത് . കെട്ടിടത്തിന് സമീപത്ത് താമസിക്കുന്ന ഒരാൾ സംശയാസ്പദമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ നിർമ്മാണ തൊഴിലാളികൾ സിനഗോഗിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഈ തുരങ്കം ശ്രദ്ധയിൽപ്പെടുന്നത്. അവർ ഉടനെ അധികാരികളെ അറിയിക്കുകയും ചെയ്തു.

ഈ തുരങ്കവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൂടാതെ തങ്ങൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ഫോൺ കോൾ വന്നയുടൻ വേണ്ട നടപടികൾ ആരംഭിച്ചെന്ന്‌ ന്യൂയോർക്ക് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Content Highlights: New York synagogue raid reveals hidden tunnels

We use cookies to give you the best possible experience. Learn more