അബുദാബി ടി-10 ലീഗില്‍ ക്വാളിഫയര്‍ ഒന്നില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സ് വമ്പന്‍ വിജയം.
സ്‌ട്രൈക്കേഴ്‌സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാംപ് ആര്‍മി 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രം നേടി തോല്‍വി വഴങ്ങുകയായിരുന്നു.
ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി അകേല്‍ ഹൊസൈന്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് ഓവറില്‍ വെറും ആറ് റണ്‍സ് വിട്ടുകൊടുത്ത് ഹാട്രിക് ഉള്‍പ്പെടെ 5 വിക്കറ്റുകളാണ് ഈ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ എറിഞ്ഞു വീഴ്ത്തിയത്.
ഇതോടെ ക്വാളിഫയര്‍ ഒന്നില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിനെ അകേല്‍ ഹൊസൈന്‍ തന്റെ നിര്‍ണായക പ്രകടനം കൊണ്ട് ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്. 41 റണ്‍സിന്റെ വിജയത്തില്‍ തന്റെ ആദ്യ ഓവറിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തില്‍ തുടരെ തുടരെ വിക്കറ്റുകള്‍ താരം നേടി. ആന്‍ഡ്രീസ് ഗൗസ് (0), ഡെവാള്‍ഡ് ബ്രെവിസ് (0), ഇബ്രാഹിം സദ്രാന്‍ (0) എന്നിവരെ പുറത്താക്കിയാണ് മൂന്ന് ഡയമണ്ട് ഡക്ക് അകേല്‍ സ്വന്തമാക്കിയത്. കരുണ ര്ത്‌നെ ബ്രെവിസിന്റെ ക്യാച്ച് എടുത്തപ്പോള്‍ മറ്റ് രണ്ട് ക്ലീന്‍ ബൗള്‍ഡുകള്‍ ഹൊസൈന്‍ സ്വന്തമാക്കുകയായിരുന്നു. 3.00 ഇക്കണോമിയിലാണ് ഹൊസൈന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും ഹൊസൈന്‍ നേടി.
ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ റഹ്മത്തുള്ള ഗുര്‍ബാസ് 28 പന്തില്‍ നിന്നും അഞ്ച് സിക്‌സറുകളും നാലു ബൗണ്ടറിയും അടക്കം 56 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന്റെ വിജയത്തിനുവേണ്ടി ബാറ്റ് വീശിയതില്‍ പ്രധാനിയാണ് ഗുര്‍ബാസ്. ആസിഫ് അലി ഏഴു പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് ആര്‍ക്കും രണ്ടക്കം കടക്കാനായില്ല.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാംപ് ആര്‍മിയുടെ ഹാഫ് ഡു പ്ലെസിസ് എട്ടു പന്തില്‍ എട്ടു റണ്ണും ജേസന്‍ ഹോള്‍ഡര്‍ 11 പന്തില്‍ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം 22 റണ്‍സും നേടി. ക്വായിസ് അഹമ്മദ് 13 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം പുറത്താകാതെ 31 റണ്‍സ് ടീമിന് വേണ്ടി നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. ടീമില്‍ മറ്റുള്ളവര്‍ക്ക് ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.
ഡിസംബര്‍ ഒമ്പതിന് ഷെയ്ഖ് സയെദ് സ്റ്റേഡിയത്തില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സും ടി.ബി.സിയുമയാണ് ഫൈനല്‍ മത്സരം നടക്കുന്നത്. വൈകിട്ട് 7:30ന് മത്സരം ആരംഭിക്കും.
Content Highlight: New York Strikers big win