അമേരിക്കയില്‍ മാനസിക രോഗിയായ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു
world
അമേരിക്കയില്‍ മാനസിക രോഗിയായ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 1:33 pm

ന്യൂയോര്‍ക്ക്: കയ്യില്‍ കരുതിയ മെറ്റല്‍ പൈപ്പ് തോക്കാണെന്ന് തെറ്റിദ്ധരിച്ച് ബ്രൂക്ക്‌ലിനില്‍ പൊലീസ് കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു. സഹീദ് വാസല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബൈപോളാര്‍ രോഗിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരുവില്‍ യാത്രക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നുവെന്ന എമര്‍ജനസി കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. കയ്യിലുണ്ടായിരുന്ന പൈപ്പ് ഇയാള്‍ പൊലീസിന് നേരെ ചൂണ്ടിയപ്പോള്‍ തോക്കെന്ന് ധരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നാല് പൊലീസുകാര്‍ വാസലിന്റെ ശരീരത്തിലേക്ക് പത്തുതവണയാണ് പൊലീസ് നിറയൊഴിച്ചത്. വെടിവെച്ച അഞ്ചു പൊലീസുകാരില്‍ രണ്ട് പേര്‍ മാത്രമാണ് പൊലീസ് യൂണിഫോമിലുണ്ടായിരുന്നത്. തന്റെ മകന്‍ ബൈപോളാര്‍ രോഗിയായിരുന്നുവെന്ന് വാസലിന്റെ പിതാവ് എറിക് വാസല്‍ പറഞ്ഞു. വാസലിന് മാനസിക പ്രശ്‌നങ്ങളുള്ളതായി പരിസരത്തുള്ളവര്‍ക്കും പൊലീസിന് അറിയാമായിരുന്നുവെന്ന് പരിസരവാസിയായ ജോണ്‍ ഫുള്ളര്‍ എന്നയാളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

പൊലീസിന്റെ നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് കാലിഫോര്‍ണിയയിലെ സകരമെന്റോയില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധ റാലിക്കിടെ സമാനമായ സംഭവം നടന്നിരുന്നു. സ്റ്റീഫന്‍ ക്ലാര്‍ക്ക് എന്ന 22കാരനെ കയ്യില്‍ തോക്കെന്ന് കരുതി പൊലീസ് വെടിവെച്ചു കൊന്നിരുന്നു. എന്നാല്‍ ഇയാളുടെ കൈയ്യില്‍ മൊബൈല്‍ ഫോണാണ് ഉണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമായിരുന്നു.

അമേരിക്കയില്‍ നിരായുധരായ കറുത്ത വംശജരെ പൊലീസ് വെടിവെച്ചുകൊല്ലുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.