ന്യൂയോര്‍ക്ക്: കുടിയേറ്റക്കാര്‍ക്ക് ഇനി ന്യൂയോര്‍ക്ക് നഗരത്തില്‍ ഇടമില്ലെന്ന് മേയര്‍ എറിക് ആഡംസ് (Eric Adams).
മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ എല്‍ പാസോയിലെത്തിയ (El Paso) മേയര്‍ ലോഡുകണക്കിന് കുടിയേറ്റക്കാരെ അയക്കുന്നതിന് ‘ന്യൂയോര്‍ക്കില്‍ ഇടമില്ല’ (there is no room in New York) എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടും ഡെമോക്രാറ്റ് കൂടിയായ എറിക് ആഡംസ് സംസാരിച്ചു.
അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ‘ദേശീയ ഗവണ്‍മെന്റിന് അതിന്റെ ജോലി ചെയ്യേണ്ട സമയമാണിത്’ എന്നായിരുന്നു ആഡംസിന്റെ പ്രതികരണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും നോര്‍ത്തിലെ ന്യൂയോര്‍ക്കിലേക്കും മറ്റ് നഗരങ്ങളിലേക്കും കുടിയേറ്റക്കാരുടെ നിരവധി ബസുകളാണ് കയറ്റി അയച്ചുകൊണ്ടിരിക്കുന്നത്. ഇത് ന്യൂയോര്‍ക്കിലെ ഭവന പ്രതിസന്ധി രൂക്ഷമാക്കിയിരുന്നുവെന്നാണ് ടി.ആര്‍.ടി വേള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവ് കാരണം ന്യൂയോര്‍ക്ക് നഗരത്തിന് രണ്ട് ബില്യണ്‍ ഡോളര്‍ അധികചിലവ് വരുമെന്ന പ്രസ്താവനക്ക് പിന്നാലെയായിരുന്നു എറിക് ആഡംസിന്റെ എല്‍ പാസോ യാത്ര എന്നതും ശ്രദ്ധേയമാണ്.
ന്യൂയോര്‍ക്ക് നഗരം അതിന്റെ ബജറ്റില്‍ വലിയ ഇടിവ് നേരിടുന്ന സമയം കൂടിയാണിത്.
സമീപ മാസങ്ങളില്‍ ഫ്‌ളോറിഡയിലെയും ടെക്സസിലെയും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ യു.എസില്‍ അഭയം തേടി വന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍ ഡി.സി എന്നീ നഗരങ്ങളിലേക്ക് അയക്കുകയായിരുന്നു.
അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ന്യൂയോര്‍ക്ക്.
Content Highlight: New York mayor says there is no room in for migrants