വാഷിംഗ്ടണ്‍: സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍. ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് സ്വതന്ത്ര അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് ബൈഡനും ഡെമോക്രാറ്റുകളും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.
ന്യൂയോര്‍ക്ക് ഓഫീസിലെ നിലവിലെയും മുന്‍പത്തെയും സ്ത്രീ സ്റ്റാഫുകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ക്വാമോക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. 11 സ്ത്രീകളാണ് പരാതി നല്‍കിയിരുന്നത്.
ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് ഈ സ്ത്രീകളെല്ലാം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് പലതവണ തുടര്‍ന്നുവെന്നും ഇവര്‍ പറയുന്നു.
സ്വസ്ഥമായും സുരക്ഷിതമായും ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള സാഹചര്യമാണ് ക്വാമോ സൃഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞവര്‍ക്കെതിരെ ക്വാമോയും സംഘവും നടപടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്വാമോയുടെയും അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിന്റെയും സ്റ്റാഫുകളോടുള്ള പെരുമാറ്റം ഏറെ ആശങ്കാജനകമാണെന്നും ഇതേ പറ്റി കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊവിഡ് മഹാമാരി നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് പേരുകേട്ടയാളായിരുന്നു ക്വാമോ. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ക്വാമോ പ്രതികരിച്ചിരിക്കുന്നത്.
സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് വന്നതുകൊണ്ട് മാത്രം രാജി വെക്കേണ്ട കാര്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ക്വാമോ പറഞ്ഞു.
എന്നാല്‍ ജോ ബൈഡനും സ്പീക്കര്‍ നാന്‍സി പെലോസിയും ഡെമോക്രാറ്റുകളും രാജി ആവശ്യം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ക്വാമോക്ക് ഗവര്‍ണര്‍ സ്ഥാനത്ത് ഏറെ നാള്‍ തുടരാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: New York Governor “Should Resign”: Joe Biden After Harassment Report