ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി എറിക് ആഡംസ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ എറിക് ആഡംസ്. ഇതിന് മുന്‍പ് ഡേവിഡ് ഡിന്‍കിന്‍സ് മാത്രമായിരുന്നു ന്യൂയോര്‍ക്കിന്റെ ഏക ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍.
അമേരിക്കന്‍ മാധ്യമങ്ങളായ എന്‍.ബി.എസ്, സി.ബി.എസ് എന്നിവരാണ് വോട്ടെണ്ണലിന് പിന്നാലെ ആഡംസിന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കേര്‍ട്ടസ് സില്‍വയെ തോല്‍പ്പിച്ചു കൊണ്ടാണ് എറിക് വിജയം നേടിയിരിക്കുന്നത്. ഇതോടെ ഒന്നിനെതിരെ ഏഴ് സീറ്റുകള്‍ക്കാണ് ഡെമോക്രാറ്റ്‌സ് റിപ്പബ്ലിക്കന്‍സിനെ നിലം പരിശാക്കിയത്.
70 ശതമാനത്തിലധികം വോട്ടുകള്‍ നേടി ആഡംസ് വിജയിക്കുമെന്ന്് ന്യൂയോര്‍ക്ക് സിറ്റിയുടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഡംസിന്റെ വിജയം എന്നതും ശ്രദ്ധേയമാണ്.
അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടേറിയ ചുമതലയായാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനം വിലയിരുത്തപ്പെടുന്നത്.
80 ലക്ഷത്തിലധികം ആളുകളുടെ മേയറായാണ് ആഡംസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനി ആഡംസിന്റെ നേതൃത്വത്തിലായിരിക്കും അമേരിക്കയിലെ ഏറ്റവും വലിയ പൊലീസ് സേനയും, വലിയ മുനിസിപ്പല്‍ ബഡ്ജറ്റും ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
നിലവിലെ മേയറായ ബില്‍ ഡെ ബ്ലാസിയോ ഈ വര്‍ഷം ഡിസംബര്‍ 31ന് അധികാരമൊഴിഞ്ഞതിന് ശേഷമാവും ആഡംസ് മേയറായി ചുമതലയേല്‍ക്കുക.
യു.എസിലെ ഏതൊരു ആഫ്രിക്കന്‍ അമേരിക്കക്കാരനെയും പോലെ പ്രതിസന്ധികളോട് പടവെട്ടിയാണ് ആഡംസും വളര്‍ന്നു വന്നത്. ചെറുപ്പത്തില്‍ ഗ്യാംഗുകളില്‍ ചേരുകയും, പൊലീസ് മര്‍ദ്ദനമേറ്റ വാശിയില്‍ പൊലീസ് ഉദ്യോഗസ്ഥനാവുകയും ചെയ്തയാളാണ് എറിക് ആഡംസ്.
കൊവിഡിന് ശേഷം ന്യൂയോര്‍ക്കിന്റെ സാമ്പത്തികനില പൂര്‍വസ്ഥിതിയിലാക്കുകയെന്ന വലിയ കടമ്പയാണ് ആഡംസിന് മുന്നിലുള്ളത്. ലോകത്തെയൊന്നാകെ പിടിച്ചുലച്ച കൊവിഡില്‍, ന്യൂയോര്‍ക്കില്‍ മാത്രം 34,000ത്തോളം ആളുകളാണ് മരണമടഞ്ഞത്.
ഇതിന് പുറമെ നഗരത്തിലെ ക്രമസമാധാനപാലനവും, ആളുകളുടെ പുനരധിവാസവും ആഡംസിന് മുന്നില്‍ പരിഹരിക്കാനുണ്ട്.
ഏകദേശം 30 വര്‍ഷം മുന്‍പാണ് ന്യൂയോര്‍ക്കില്‍ ആദ്യമായി ഒരു കറുത്തവര്‍ക്കാരന്‍ മേയറാവുന്നത്. 1990-1993 കാലഘട്ടത്തിലായിരുന്നു ഡേവിഡ് ഡിന്‍കിന്‍സ് ന്യൂയോര്‍ക്കിന്റെ ആദ്യ കറുത്തവര്‍ഗക്കാരനായ മേയറായത്.
22ാം വയസ്സിലാണ് ആഡംസ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാവുന്നത്. 2006ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് അംഗമായും, ബ്രൂക്‌ലിന്‍ ബോറോ പ്രസിഡന്റായും ആഡംസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്യാംഗുകളില്‍ പ്രവര്‍ത്തിച്ചതിന്, 15ാം വയസ്സില്‍ പൊലീസ് മര്‍ദനമേറ്റതിന്റെ വാശിയിലാണ് എറിക് പൊലീസായത്.
വംശീയത അവസാനിപ്പിക്കാന്‍ ലക്ഷമിടുന്ന ‘100 ബ്ലാക്‌സ് ഇന്‍ ലോ എന്‍ഫോഴ്‌മെന്റ് ഹൂ കെയര്‍’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകന്‍ കൂടിയാണഅ എറിക് ആഡംസ്.