അമേരിക്കയിലെ ഇസ്‌ലാമോഫോബിയയുടെ പുതിയ ഇരകളായി ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാര്‍
World
അമേരിക്കയിലെ ഇസ്‌ലാമോഫോബിയയുടെ പുതിയ ഇരകളായി ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 12:54 pm

ന്യൂയോര്‍ക്ക്: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യു.എസിലെ ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കച്ചവടം നടത്തുന്ന ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിലും വിദ്വേഷ പ്രചരണത്തിലും ആശങ്കയറിയിച്ച് തൊഴിലാളികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന് പിന്നാലെയാണ് തെരുവുകളില്‍ കാലങ്ങളായി ഹലാല്‍ ഭക്ഷണം വിളമ്പുന്ന കച്ചവടക്കാര്‍ക്ക് നേരെ ആക്രമണവും വിദ്വേഷപ്രചരണങ്ങളും ആരംഭിച്ചത്.

‘കിങ് ടട്ട്’, ‘മാഷ അള്ളാഹ്’, ‘നോ പോര്‍ക്ക് ഓണ്‍ മൈ ഫോര്‍ക്ക്’ എന്നിങ്ങനെ നിരവധി പേരുകളിലുള്ള ഭക്ഷണ വണ്ടികളാണ് ന്യൂയോര്‍ക്കിലെ വിവിധ തെരുവുകളില്‍ ഉള്ളത്. അറബ് സംസ്‌കാരം വിളിച്ചോതുന്ന ഭക്ഷണങ്ങള്‍ അമേരിക്കന്‍ നഗരജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്.

ഹലാല്‍ വണ്ടികള്‍ എന്നറിയപ്പെടുന്ന ഈ ഫുഡ് സ്റ്റാന്‍ഡുകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ന്യൂയോര്‍ക്കിലെ വിവിധ നഗരങ്ങളില്‍ സജീവമാണ്. പ്രധാനമായും തിരക്കേറിയ തെരുവുകളിലാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ബര്‍ഗറുകളും ചിക്കന്‍ ഷവര്‍മകളും ഉള്‍പ്പെടെ വളരെ വേഗത്തില്‍ രുചികരമായി ലഭ്യമാകുമെന്നത് കൂടിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

എന്നാല്‍ ഒക്ടോബര്‍ 7-ന് ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹലാല്‍ വണ്ടികള്‍ക്കും ഫുഡ് കോര്‍ട്ടുകള്‍ക്കുമെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

നവംബറില്‍, ഇസ്രഈല്‍ ബന്ദികളുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തുവെന്നാരോപിച്ച് അപ്പര്‍ വെസ്റ്റ് സൈഡിലെ സബാറിന് സമീപമുള്ള ഫുഡ് കോര്‍ട്ടിലെ ജീവനക്കാരന് നേരെ ആക്രമണം നടന്നിരുന്നു.

ഇതിന് പിന്നാലെ അപ്പര്‍ ഈസ്റ്റ് സൈഡിലെ ഒരു കച്ചവടക്കാരനെ ആക്രമിച്ചതിന്റെ പേരില്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയായ സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്സ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

‘ ഭക്ഷണം കഴിക്കാനായി എത്തുന്ന ആളുകളില്‍ പലരും നല്ലവരാണ്. എന്നാല്‍ ചിലര്‍ അങ്ങനെയല്ല. മാന്‍ഹാട്ടനിലെ അപ്പര്‍ വെസ്റ്റ് സൈഡിലെ കച്ചവടക്കാരനായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണത്തിനായി വരുന്ന ചില ക്ലൈന്റുകള്‍ മോശമായി പെരുമാറും. ഞങ്ങള്‍ ഭക്ഷണ വണ്ടിയില്‍ ഇരിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരും. ഇത് ഒരു കച്ചവടമാണല്ലോ,’ അദ്ദേഹം പറഞ്ഞു.

‘ ഒരു ദിവസം ഒരാള്‍ വന്നിട്ട് നീ മുസ്‌ലിം ആണ് നിങ്ങള്‍ നശിച്ചു പോകും, അറബികളായ നിങ്ങള്‍ നശിച്ചു പോകും എന്ന് പറഞ്ഞു.’ വര്‍ഷങ്ങള്‍ക്ക് മുമ്പ് കെയ്റോയില്‍ നിന്ന് കുടിയേറിയ താരെക് എന്നയാള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

ആരെങ്കിലും എന്നോട് ദേഷ്യപ്പെടുകയോ ആക്രോശിക്കുകയോ ചെയ്താല്‍ ഞാന്‍ എന്ത് ചെയ്യും. അവര്‍ ശപിക്കട്ടെ, അവര്‍ ശപിച്ചിട്ട് തിരികെ പോകട്ടെ. എനിക്കും വേണമെങ്കില്‍ അവരെ ശപിക്കാം. പക്ഷേ ഞാനത് ചെയ്യില്ല. ഞാന്‍ ഇവിടെ ജോലി ചെയ്യാന്‍ വന്നതാണ്,’ അദ്ദേഹം പറഞ്ഞു.

‘കച്ചവടക്കാര്‍ക്കെതിരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ പലരും ഇത് റിപ്പോര്‍ട്ടു ചെയ്യുന്നില്ല. മാത്രമല്ല ഇത്തരത്തില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നവരെ കണ്ടുപിടിക്കുകയും ബുദ്ധിമുട്ടാണ്,’ സ്ട്രീറ്റ് വെണ്ടര്‍ പ്രോജക്റ്റ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ആറ്റിയ പറയുന്നു.

കച്ചവടക്കാര്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാറില്ല. കാരണം അത് അവര്‍ക്ക് തന്നെ പിന്നീട് ബാധ്യതയാകുമെന്നാണ് പറയാറ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ പോലെ അല്ലെങ്കില്‍ കച്ചവടം നടത്താന്‍ അവര്‍ക്ക് സ്ഥലം അനുവദിച്ചവര്‍ അവരോട് അവിടെ നിന്നും ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെടുക പോലുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

അതുകൊണ്ട് തന്നെ എന്ത് പ്രശ്‌നങ്ങളുണ്ടായാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ മടിക്കുന്നുണ്ട്. ഇവര്‍ ഇവരുടെ അവകാശങ്ങള്‍ എന്താണെന്ന് തിരിച്ചറിയുന്നില്ല, 2009 ല്‍ ഈജിപ്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ആറ്റിയ പറയുന്നു.

നേരത്തെ ഒബാമയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കച്ചവടക്കാരനെ ഉപദ്രവിച്ച സംഭവത്തില്‍ തങ്ങള്‍ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ വീഡിയോ കണ്ടെത്തുകയും വിഷയത്തില്‍ പരാതി കൊടുപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയം ലോക്കല്‍ സിറ്റി കൗണ്‍സില്‍ അംഗം ജൂലി മെനിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും ആറ്റിയ പറഞ്ഞു.

കച്ചവടക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന കാര്യത്തില്‍ അപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. ആക്രമണത്തിന്റെ വീഡിയോ പ്രചരിച്ച് എട്ട് മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രമാണ് ഈ വിഷയത്തില്‍ ഒരു പ്രതികരണത്തിനെങ്കിലും അവര്‍ തയ്യാറായത്, അദ്ദേഹം പറഞ്ഞു.

ആന്റി സെമിറ്റിസവും ഇസ്‌ലാമോഫോബിയയും വിദ്വേഷ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നും തങ്ങളുടെ കമ്യൂണിറ്റി സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കാറുണ്ടെന്നുമാണ് വിഷയത്തില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ചെറുകിട ബിസിനസ് കമ്മിറ്റി അറിയിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ കുറിച്ച് അന്വേഷിക്കാന്‍ തങ്ങളുടെ ഓഫീസ് ന്യൂയോര്‍ക്ക് പൊലീസിനെ സമീപിക്കാറുണ്ടെന്നും സംഘടന അറിയിച്ചു.

വഴിയോര കച്ചവടക്കാര്‍ നേരിടുന്ന നിയമത്തിന്റെ ചില ചട്ടക്കൂട്ടുകളുണ്ട്. ഫുഡ് വെണ്ടര്‍ പെര്‍മിറ്റുകള്‍ നേടുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഒരു വെണ്ടര്‍ക്ക് എവിടെ ഈ ഫുഡ് കോര്‍ട്ട് ഇടാം, വാഹനം എവിടെ സ്ഥാപിക്കാന്‍ കഴിയും, എവിടെ സ്ഥാപിക്കരുത് എന്നത് സംബന്ധിച്ചൊക്കെ കടമ്പകളുണ്ട്. ന്യൂയോര്‍ക്കിലെ ഭക്ഷണ വിതരണക്കാര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വളരെ സങ്കീര്‍ണമാണ്,’ ആറ്റിയ പറഞ്ഞു.

കച്ചവടക്കാര്‍ തീര്‍ച്ചയായും അവരുടെ അവകാശങ്ങള്‍ അറിയേണ്ടതുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അത് ചെറുക്കേണ്ടതുണ്ട്. അതിന് അവരുടെ അവകാശത്തില്‍ അവര്‍ ബോധവാന്മാരായിരിക്കണം. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണം. അഭിഭാഷകരെ സമീപിക്കേണ്ടതുണ്ട്. ആറ്റിയ പറഞ്ഞു.

അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാന്‍ തുടങ്ങിയ ചില കച്ചവടക്കാര്‍ ഇത്തരം ആക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും ഭയം കൂടാതെ ഈ വിഷയത്തില്‍ പുറം ലോകത്തെ അറിയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബരാക് ഒബാമയുടെ മുന്‍ ഉദ്യോഗസ്ഥനെ ഈ കുറ്റകൃത്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്നും അത് ഇരകളുടെ മുഖത്തേറ്റ അടിയാണെന്നും ആറ്റിയ പറഞ്ഞു.

ന്യൂയോര്‍ക്ക് നഗരത്തിലെ ഹലാല്‍ വണ്ടികളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് കഥകള്‍ പലതുണ്ട്. വളരെ വേഗത്തില്‍ ലഭ്യമാകുന്ന രുചികരവുമായ ഭക്ഷണം എന്നത് തന്നെയാണ് ഹലാല്‍ വണ്ടികളെ ന്യൂയോര്‍ക്കിള്‍ ഇത്രയും ജനകീയമാക്കിയത്.

1992 ല്‍ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലെ 53, 6 അവന്യൂവില്‍ ഹലാല്‍ ഗയ്‌സ് എന്ന പേരിലാണ് ആദ്യ ഹലാല്‍ ഫുഡ് കോര്‍ട്ട് ആരംഭിച്ചതെന്നാണ് ഒരു കഥ. ഇന്ന് ന്യൂയോര്‍ക്കിലെ വലിയൊരു ഫ്രാഞ്ചൈസി തന്നെ ഹലാല്‍ ഗയ്‌സിനുണ്ട്.

1980കളുടെ അവസാനത്തിലോ 1990കളുടെ തുടക്കത്തിലോ ഉണ്ടായ കുടിയേറ്റമാണ് ഹലാല്‍ ഭക്ഷണത്തെ ജനകീയമാക്കിയതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

നഗരത്തിലുടനീളമുള്ള മുസ്‌ലിങ്ങള്‍ ഹലാല്‍ ഫുഡിന്റെ ഉപഭോക്താക്കളായി. നേരത്തെ ഹോട്ട് ഡോഗും ഫെറ്റ് ലസും മാത്രമായിരുന്ന കോര്‍ട്ടില്‍ പിന്നീട് റൈസും ചിക്കന്‍ കറിയും ഇടം നേടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈജിപ്ഷ്യന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ തെരുവ് കച്ചവടം ഒരു ജനപ്രിയ ബിസിനസായി മാറിക്കഴിഞ്ഞിട്ടുണ്ട്.

‘ ഒരു കൂട്ടം കുടിയേറ്റക്കാര്‍ ഒത്തുചേര്‍ന്ന് അവരുടെ കമ്യൂണിറ്റികള്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ക്ക് എന്ത് അവസരങ്ങള്‍ ഉണ്ടാകുമെന്നും പരിശോധിക്കുന്നുണ്ട്. ഉദാഹരണത്തിന് എന്റെ സുഹൃത്തോ എന്റെ ബന്ധുവോ എന്ത് ബിസിനസാണ് ചെയ്യുന്നത് എന്ന് ഞാന്‍ നോക്കും. ഞാനും അത്തരമൊരു ബിസിനസിലേക്ക് ഇറങ്ങാന്‍ താത്പര്യപ്പെടും. ഇവിടേയും അത് തന്നെയാണ് സംഭവിക്കുന്നത്.

ന്യൂയോര്‍ക്കിലെ തെരുവ് കച്ചവടക്കാര്‍ക്കും ഹലാല്‍ ഭക്ഷണ വണ്ടികള്‍ക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ വിപണിയെ സജീവമായി നിലനിര്‍ത്തുന്നവര്‍ക്ക് നഗരം പിന്തുണ നല്‍കേണ്ട സമയമാണിതെന്ന് ആറ്റിയ പറഞ്ഞു.

Content Highlight: New York City’s Halal food vendors face harassing and stalking after Isreal Palastine war