ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന ക്രിസ്ത്യന്‍ ആരാധാനകേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവെപ്പ്. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്. ജോണ്‍ ദ ഡിവൈനില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടാണ് സംഭവം നടന്നത്. ക്രിസ്തുമസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുധാരിയായ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കാന്‍ തുടങ്ങുകയായിരുന്നു.
പരിപാടിക്ക് സുരക്ഷയൊരുക്കാനായെത്തിയ പൊലീസ് ഉടനടി ഇയാളെ വെടിവെച്ചിട്ടു. പ്രതിയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
‘വളരെ മനോഹരമായി കരോള്‍ നടക്കുകയായിരുന്നു. എല്ലാം മനോഹരമായിരുന്നു. പെട്ടെന്നാണ് പരിപാടി അവസാനിച്ചതും ഒരാള്‍ വെടിവെപ്പ് തുടങ്ങിയതും. എല്ലാവരും ഞെട്ടലിലാണ്.’ കത്തീഡ്രലിന്റെ വക്താവായ ലിസ ഷൂബെര്‍ട്ട് പറഞ്ഞു.
ഇയാള്‍ നടത്തിയ വെടിവെപ്പില്‍ ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നൂറ് കണക്കിന് പേര്‍ പരിപാടിക്കെത്തിയിരുന്നു. 20 തവണയോളം ഇയാള്‍ വെടിവെച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഇയാള്‍ ജനങ്ങള്‍ക്ക് നേരെയാണോ അതോ ലക്ഷ്യമില്ലാതെ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നുവോ എന്നോ വ്യക്തമായിട്ടില്ല.
വെടിവെപ്പ് നടത്തിയ ആളെക്കുറിച്ചോ ഇയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക