ന്യുയോര്‍ക്കില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗററ്റ് വില്‍ക്കുന്നത് നിരോധിച്ചു
World
ന്യുയോര്‍ക്കില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗററ്റ് വില്‍ക്കുന്നത് നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2013, 12:36 am

[]ന്യുയോര്‍ക്ക് സിറ്റി: ന്യുയോര്‍ക്ക് സിറ്റിയില്‍ 21 വയസില്‍ താവെയുള്ളവര്‍ക്ക് സിഗററ്റ്, ഇ-സിഗററ്റ്, പുകയില എന്നിവ വില്‍ക്കുന്നത് നിരോധിച്ചു. നേരത്തെയുണ്ടായിരുന്ന പ്രായപരിധി 18 വയസ്സായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ പുകവലി വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാണ്. സിഗററ്റ് വാങ്ങാന്‍ ഇത്രയേറെ ഉയര്‍ന്ന പ്രായപരിധിയുള്ള ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ സിറ്റിയാണിത്. 8.5 മില്യണാണ് ജനസംഖ്യ.

അമേരിക്കന്‍ നിയമപ്രകാരം സിഗററ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ചില സ്റ്റേറ്റുകള്‍ ഇത് 19 ആയി ഉയര്‍ത്തിയിരുന്നു. പത്തിനെതിരെ 35 വോട്ടുകള്‍ക്കാണ് നിര്‍ദ്ദേശം പാസായതെന്ന് ന്യുയോര്‍ക്ക് സിറ്റി കൗണ്‍സില്‍ വക്താവ് അറിയിക്കുന്നു.

ചെറുപ്പക്കാരെ പുകവലിയില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഇത് നിര്‍ണായകമാമെന്ന് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ് പറയുന്നു. “ചെറുപ്പക്കാര്‍ ഒരു തവണ  പുകവലിച്ചാല്‍ പിന്നീട് ഇതിനടിമയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അവരെ അതില്‍ നിന്നും തടയുന്നതാണ് ഏറ്റവും ഉചിതം.

പുകവലിക്കാനുള്ള പ്രായപരിധി 21 ആയി വര്‍ദ്ധിപ്പിക്കുന്നത് മറ്റൊരു തലമുറയെ പുകവലി മൂലമുണ്ടാകുന്ന അനാരോഗ്യങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കും.”

സിഗററ്റ് വാങ്ങുന്നതിനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിലൂടെ 18-നും 25-നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരുടെ എണ്ണം 55 ശതമാനമെങ്കിലും കുറയ്ക്കാന്‍ സാധിക്കുമെന്ന് ഭരണകൂടം കണക്ക് കൂട്ടുന്നു.

2002 മുതല്‍ 2011 വരെയുള്ള കാലയളവില്‍ പുകവലിക്കാരായ മുതിര്‍ന്നവരുടെ ശതമാനം 21.5-ല്‍ നിന്നും 14.8 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2001-2011 കാലഘട്ടത്തില്‍ പുകവലിക്കാരായ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയിലധികമായി കുറഞ്ഞിരുന്നു.

പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ ബ്ലൂംബെര്‍ഗ് കൈകടത്തുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

2012-ല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ സോഫ്റ്റ് ഡ്രിങ്ക്‌സ് പായ്ക്കറ്റുകള്‍ നിരോധിക്കുവാന്‍ ഇദ്ദേഹം നടത്തിയ ശ്രമം വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു.