എന്നെ കൊല്ലൂ എന്ന് ആക്രോശിച്ചു, ബാഗില്‍ കത്തിയും ബൈബിളും; ന്യൂയോര്‍ക്ക് പള്ളി വെടിവെപ്പ് നടത്തിയയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
World News
എന്നെ കൊല്ലൂ എന്ന് ആക്രോശിച്ചു, ബാഗില്‍ കത്തിയും ബൈബിളും; ന്യൂയോര്‍ക്ക് പള്ളി വെടിവെപ്പ് നടത്തിയയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th December 2020, 1:17 pm

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കത്തീഡ്രലില്‍ വെടിവെപ്പ് നടത്തിയ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെ തന്നെ നിരവധി കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് ഇയാളെന്നും ഇയാളുടെ കൈവശം രണ്ട് തോക്കുകളുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ബാഗില്‍ നിന്ന് ആയുധങ്ങളും ബൈബിളും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പ്രധാന ക്രിസ്ത്യന്‍ ആരാധാനകേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്.ജോണ്‍ ദ ഡിവൈനില്‍ വെച്ചായിരുന്നു വെടിവെപ്പുണ്ടായത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടാണ് സംഭവം നടന്നത്. ക്രിസ്തുമസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുധാരിയായ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കാന്‍ തുടങ്ങുകയായിരുന്നു.

പരിപാടിക്ക് സുരക്ഷയൊരുക്കാനായെത്തിയ പൊലീസ് ഉടനടി ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

പ്രതി നടത്തിയ വെടിവെപ്പിലും ആരും കൊല്ലപ്പെട്ടിട്ടില്ല. ഗുരുതരമായ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം 20 തവണയോളം ഇയാള്‍ വെടിവെച്ചിരുന്നു. ‘എന്നെ വെടിവെക്കൂ, എന്നെ കൊല്ലൂ…എന്ന് ആക്രോശിച്ചുകൊണ്ടാണ് അയാള്‍ വെടിവെച്ചത്. തന്നെ വെടി വെക്കണമെന്ന് അയാള്‍ പൊലീസിനോട് അലറിവിളിക്കുകയാിരുന്നു,’ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെടിവെപ്പ് നടത്തിയ ആളുടെ കൈയ്യില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നു. രണ്ട് തോക്കുകള്‍, പല തരത്തിലുള്ള കത്തികള്‍, കയര്‍, വയറുകള്‍, പെട്രോള്‍ നിറച്ച കാനുകള്‍ എന്നിവ ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തി. ഇതോടൊപ്പം പഴയൊരു ബൈബിളും പൊലീസ് കണ്ടത്തെയിട്ടുണ്ട്.
ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ജനങ്ങള്‍ക്ക് നേരെയല്ലാതെ അലക്ഷ്യമായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു പ്രതിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിവെപ്പിന് പിന്നിലെ ഇയാളുടെ ഉ്‌ദ്ദേശ്യത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അപകടം സംഭവിച്ചില്ലെങ്കിലും സംഭവത്തിന്റെ ഞെട്ടലിലാണ് ന്യയോര്‍ക്ക് നഗരം. ‘വളരെ മനോഹരമായി കരോള്‍ നടക്കുകയായിരുന്നു. എല്ലാം മനോഹരമായിരുന്നു. പെട്ടെന്നാണ് പരിപാടി അവസാനിച്ചതും ഒരാള്‍ വെടിവെപ്പ് തുടങ്ങിയതും. എല്ലാവരും ഞെട്ടലിലാണ്,’ കത്തീഡ്രലിന്റെ വക്താവായ ലിസ ഷൂബെര്‍ട്ട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New York Cathedral Shooting latest updates, more information about the shooter