ന്യൂയോര്‍ക്ക്: ടൊയോട്ടയുടെ ജനപ്രീതിയാര്‍ജ്ജിച്ച മോഡലായ കൊറോളയുടെ ഹാച്ച്ബാക്ക് പതിപ്പ് ഈ വര്‍ഷത്തെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി കൊറോള ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ടൊയോട്ട പുറത്തു വിട്ടു. അടുത്തയാഴ്ചയാണ് ന്യൂയോര്‍ക്ക് ഓട്ടോ ഷോ.
ടൊയോട്ടയുടെ ടി.എന്‍.ജി.എ പ്ലാറ്റ്‌ഫോമിലാണ് പുതിയ കൊറോള എത്തുന്നത്. ടൊയോട്ടയുടെ ഔറിസ് എന്ന ഹാച്ച്ബാക്ക് മോഡലിനോട് സാമ്യമുള്ള മോഡലാണ് കൊറോള ഹാച്ച്ബാക്കും. ഈ മാസം ആദ്യം നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് ഔറിസ് അവതരിപ്പിച്ചത്.
വടക്കേ അമേരിക്കന്‍ വിപണിയാണ് ടൊയോട്ട പുതിയ കൊറോളയിലൂടെ ലക്ഷ്യമിടുന്നത്. പുതുമയാര്‍ന്ന ഫീച്ചറുകളാണ് പുതിയ കൊറോളയില്‍ ഉണ്ടാകുക എന്നാണ് വിലയിരുത്തല്‍. സ്‌പോര്‍ട്ടി ലുക്കുള്ള കൊറോളയുടെ ഹെഡ് ലാംപുകള്‍ എല്ലാം എല്‍.ഇ.ഡിയാണ്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ ആപ്പുകള്‍ കൊറോള ഹാച്ച്ബാക്കില്‍ കണക്ട് ചെയ്യാന്‍ കഴിയും. നടുവിലായി സ്ഥിതി ചെയ്യുന്ന കണ്‍സോള്‍ ബോക്‌സില്‍ അഞ്ചര ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് ഫോണ്‍ വെയ്ക്കാന്‍ കഴിയും. വയര്‍ലെസ് ചാര്‍ജിങ്ങിനുള്ള സംവിധാനവും ഇതിലുണ്ട്.
അമേരിക്കയില്‍ ഇറങ്ങുന്ന കൊറോള ഹാച്ച്ബാക്കില്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചത്. എഞ്ചിന്‍ പവര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കാറിന്റെ എല്ലാ വാരിയന്റുകളും ടൊയോട്ട സേഫ്റ്റി സെന്‍സ് 2.0 ഫീച്ചര്‍ ഉണ്ടാകും. കാല്‍നടയാത്രക്കാരെ തിരിച്ചറിയുക, ഡയനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീംസ് തുടങ്ങിയ സവിശേഷതകളാണ് സേഫ്റ്റി സെന്‍സ് 2.0-ല്‍ ഉള്ളത്.