ന്യൂയോര്‍ക്ക്: ന്യൂ ഓര്‍ലിയാന്‍സിലെ ആക്രമണത്തിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വീണ്ടും വെടിവെപ്പ്. ഇന്നലെ (ബുധനാഴ്ച) രാത്രിയോടെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സില്‍ കൂട്ടവെടിവെപ്പ് നടന്നത്.
ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള നൈറ്റ്ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ പതിനൊന്ന് പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പരിക്കേറ്റവരെ ലോങ് ഐലന്റ് ജൂത ഹോസ്പിറ്റിലിലും കോഹന്‍ ചില്‍ഡ്രന്‍ മെഡിക്കല്‍ സെന്ററുകളിലേക്കും കൊണ്ടുപോയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പതിവായി ലൈവ് പരിപാടികളും ഡി.ജെ. ഇവന്റുകളും നടക്കുന്ന നാലായിരം പേരെ ഉള്‍ക്കൊള്ളുന്ന നൈറ്റ്ക്ലബ്ബിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംഭവത്തെ കുറിച്ച് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെടിവെപ്പിന്റെയും വന്‍ പൊലീസ് സന്നാഹത്തെയും കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
യു.എസിലെ ന്യൂ ഓര്‍ലാന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി പതിനഞ്ച് പേരുടെ മരണത്തിനിടയായിരുന്നു. ന്യൂ ഓര്‍ലാന്‍സില്‍ ഒരു ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറിയാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം വാഹനം ഇടിച്ച് അപകടം ഉണ്ടാക്കിയതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ പുറത്തിറങ്ങി ആയുധം ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.
ന്യൂ ഓര്‍ലാന്‍സിലെ പ്രശസ്തമായ കനാല്‍, ബാര്‍ബണ്‍ സ്ട്രീറ്റുകളിലാണ് ആക്രമണം നടന്നത്. പുതുവത്സര ആഘോഷം നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ആക്രമണത്തില്‍ പതിനഞ്ച് പേര്‍ മരണപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ലാസ്വെഗാസിലും സ്ഫോടനം നടക്കുന്നിരുന്നു. ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: New Year’s Eve shooting again in New York; The attack took place in a night club