ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം: പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി ഷാര്‍ജയും പാകിസ്ഥാനും
ദുബായ്: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി ഷാര്‍ജയും പാകിസ്ഥാനും.
ഫലസ്തീനില്‍ ഇസ്രഈല്‍ കൂട്ടക്കുരുതി തുടരുന്നതില്‍ പ്രതിഷേധിച്ച് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും തെക്കന്‍ ലെബനനിലും സിറിയയിലും ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ഏറ്റവും വലിയ മൂന്നാമത്തെ അറബ് നഗരമായ ഷാര്‍ജ പുതുവത്സര ആഘോഷങ്ങള്‍ ബഹിഷ്‌കരിച്ചത്. കരിമരുന്ന് പ്രയോഗമുള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും ഷാര്‍ജ റദ്ദാക്കിയിട്ടുണ്ട്.
പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. എന്നാല്‍ യു.എ.ഇയിലെ മറ്റ് ഭാഗങ്ങളില്‍ ആഘോഷത്തിന് ഇതുവരെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ല.
യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ഒരു മണിക്കൂര്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗമാണ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.
ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ പുതുവത്സരത്തിന്റെ ഭാഗമായി നടക്കുന്നുണ്ടെന്ന് ഗ്ലോബല്‍ വില്ലേജ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇവിടെ നടക്കുമെന്നാണ് അറിയുന്നത്.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍, പരമ്പരാഗത തെരുവുകളില്‍ നടക്കുന്ന പുതുവത്സര പാര്‍ട്ടികളും കച്ചേരികളും ഇത്തവണയും നടത്തും. സൗദി തലസ്ഥാനമായ റിയാദിലും വെടിക്കെട്ടും മറ്റ് പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
അതുപോലെ, ഖത്തറിലെ ലുസൈല്‍ സിറ്റിയിലും ലേസര്‍ ഷോകളും ആഘോഷപരിപാടികളും നടക്കുന്നുണ്ട്. നേരത്തെ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശീയ ദിനമായ ഡിസംബര്‍ 18ന് നടത്തേണ്ടിയിരുന്ന ആഘോഷപരിപാടികള്‍ ഖത്തര്‍ ഒഴിവാക്കിയിരുന്നു.
അതേസമയം പാകിസ്ഥാന്‍ എല്ലാ തരത്തിലുള്ള പുതുവത്സര ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ‘നമ്മുടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാവല്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗസയിലേയും വെസ്റ്റ് ബാങ്കിലേയും നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലയിലും ഫലസ്തീനികളുടെ വംശഹത്യയിലും മുസ്‌ലിം ലോകവും പാക്കിസ്ഥാനും ദു:ഖം രേഖപ്പെടുത്തുകയാണെന്നും അവരുടെ വേദനയില്‍ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: New Year’s celebrations banned in Sharjah and Pakistan amid Gaza war