13 വര്‍ഷങ്ങള്‍ക്ക് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ തുറന്നു
Daily News
13 വര്‍ഷങ്ങള്‍ക്ക് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ തുറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th November 2014, 11:39 am

worl-trade-centre-01ന്യൂയോര്‍ക്ക്: പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും തുറന്നു. 2001 സെപ്തംബര്‍ 11 ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തുറക്കുന്നത്. 22800 കോടി രൂപ മുടക്കിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

2001 ലെ അല്‍ ഖ്വയ്ദയുടെ ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ അതേ സ്ഥലത്താണ് പുതിയ കെട്ടിടവും പണിതുയര്‍ത്തിയിരിക്കുന്നത്. 104 നിലകളാണ് പുതിയ കെട്ടിടത്തിനുള്ളത്. “വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍” എന്നാണ് പുതിയ കെട്ടിടത്തിന്റെ പേര്.

അമേരിക്കയുടെ അഭിമാനമായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത് അവര്‍ക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. 2700 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. 16 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. 1776 അടി ഉയരമാണ് പുതിയ കെട്ടിടത്തിനുള്ളത്.

ഏതാനും ജീവനക്കാര്‍ ഇപ്പോള്‍ തന്നെ ജോലിക്കെത്തിത്തുടങ്ങി. പുതിയ ഒരു തുടക്കം എന്നാണ് എല്ലാവരും  പുതിയ വേള്‍ഡ് ട്രേഡ് സെന്ററിനെക്കുറിച്ച് പറയുന്നത്. “പേടിയും ആകാംഷയും പ്രതീക്ഷയുമെല്ലാം തോന്നുന്നുണ്ട്. പുതിയൊരു തുടക്കമായും ജീവിതത്തിലെ പുതിയൊരു അധ്യായമായും ആണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്യുന്നതിനെ കാണുന്നത്.” വേള്‍ഡ് ട്രേഡ് സെന്ററിലെ ജീവനക്കാരിയായ വെന്‍ഡെ സ്‌കോലെര്‍ പറയുന്നു.