ആഷസ് പരമ്പര പരിമിത ഓവറിലേക്ക് നിജപ്പെടുത്തിയതു പോലെ തോന്നിച്ച ലോകകപ്പിലെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇത്തവണ ഏറ്റവും കൂടുതല്‍ ചാമ്പ്യനാകാന്‍ യോഗ്യത കല്പിക്കപ്പെട്ട ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം തങ്ങള്‍ക്കൊപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങിയതെങ്കില്‍ ആതിഥേയരെന്ന ആനുകൂല്യം മുതലെടുത്തു ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് ഇംഗ്ലണ്ട് കച്ച കെട്ടിയത്. ലോകം കാല്‍ചുവട്ടിലാക്കുന്നതിന്റെ പ്രധാന പടികളിലൊന്നായ സെമി പോരാട്ടം ലോകത്തിലെ തന്നെ രണ്ടു മികച്ച ടീമുകള്‍ തമ്മിലായപ്പോള്‍ പൊടി പാറുമെന്നുറപ്പായിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതു വരെ സെമിയില്‍ തോറ്റു പുറത്തായിട്ടില്ല എന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ഓസീസും നാലാം ഫൈനല്‍ പ്രവേശം തേടി ഇംഗ്ലണ്ടും എഡ്ജ്ബാസ്റ്റണില്‍ പാഡണിഞ്ഞപ്പോള്‍ ടോസ് ഓസ്ട്രേലിയക്കൊപ്പം നിന്നു. സെമിയില്‍ നല്ലൊരു സ്‌കോര്‍ പടുത്തുയര്‍ത്തി രണ്ടാമതു ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ചിന്തയില്‍ ഓസീസ് നായകന്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുത്തു.
എന്നാല്‍ കാര്യങ്ങള്‍ കങ്കാരുക്കള്‍ക്ക് നേരെ വിപരീതമായി ഭവിക്കുന്നതാണ് പിന്നീട് കണ്ടത്. ആര്‍ച്ചറിന്റെ ആദ്യ പന്തില്‍ തന്നെ ഓസീസിനെ ഈ ലോകകപ്പില്‍ മുന്നില്‍ നിന്നു നയിച്ചു കൊണ്ടിരുന്ന ഫിഞ്ച് ഗോള്‍ഡന്‍ ഡക്ക് ആയി പവലിയനില്‍ എത്തി. ആര്‍ച്ചര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുക്തമാകുന്നതിനു മുന്‍പേ തന്നെ ഫോമിലുള്ള വാര്‍ണറെയും അവര്‍ക്ക് നഷ്ട്ടപ്പെട്ടു. നിലയുറപ്പിക്കാന്‍ തീരുമാനമെടുത്തു ക്രീസിലെത്തിയ സ്മിത്തിനു ആരു പിന്തുണ നല്കുമെന്നതായിരുന്നു ചോദ്യം.
ഖവാജക്ക് പകരം ലോകകപ്പിലെ ആദ്യ അവസരം ലഭിച്ച ഹാന്‍ഡ്സ്‌കോമ്പിനു പക്ഷേ സെമിയുടെ സമ്മര്‍ദ്ദവും വോക്സിന്റെ കൃത്യതയും അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.
ടീമിന്റെ ദയനീയാവസ്ഥ മനസിലാക്കിയ മാനേജ്‌മെന്റ് കൃത്യമായ തീരുമാനമെടുത്തു വമ്പനടിക്ക് മാത്രം കെല്‍പ്പുള്ള മാക്‌സ്വെല്ലിന് മുന്‍പേ ഈ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കുന്ന ക്യാരിയെ ഇറക്കി. ആ നീക്കം ഫലം കണ്ടു. സ്മിത്തും ക്യാരിയും ചേര്‍ന്നു ഓസീസിനെ കരകയറ്റാന്‍ ആരംഭിച്ചു. വിക്കറ്റ് കളയാതിരിക്കാന്‍ ഇരുവരും അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. അതിനിടയില്‍ ഓസീസ് ക്യാമ്പിനെ വിറ കൊള്ളിച്ച ആര്‍ച്ചറുടെ ഒരു ബൗണ്‍സര്‍ ക്യാരിയുടെ ഹെല്‍മെറ്റും എടുത്തു മൂളിപ്പറന്നു.
ആ പന്തുണ്ടാക്കിയ ഷോക്കില്‍ നിന്നും പെട്ടെന്നു മുക്തനായ ക്യാരി സ്റ്റമ്പിലേക്ക് വീഴാനാഞ്ഞ സ്വന്തം ഹെല്‌മെറ്റിനെ കൈപ്പിടിയിലൊതുക്കി തന്റെ നിശ്ചയദാര്‍ഢ്യം വെളിവാക്കി. എന്നാലും ആ പന്തിന്റെ കാഠിന്യം മൂലം വേദന കൊണ്ടു പുളഞ്ഞ ക്യാരി വൈദ്യ സഹായത്തോടെ തലയില്‍ ചുറ്റിക്കെട്ടലുകളുമായാണ് ബാക്കി കളിച്ചത്. അവരുടെ കൂട്ടുകെട്ട് ശതകം പിന്നിട്ടതിനു ശേഷം റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആദില്‍ റഷീദിനു വിക്കറ്റ് നല്‍കി ക്യാരി മടങ്ങി. തലയില്‍ ചുറ്റിക്കെട്ടലുകളുമായി കളിച്ച ക്യാരി താന്‍ ഒരു യഥാര്‍ത്ഥ പോരാളി ആണെന്നു തെളിയിച്ചു.
കണക്കുകള്‍ നോക്കിയാല്‍ അദ്ദേഹം കളിച്ചത് നല്ലൊരു ഇന്നിങ്സാണെന്നു തോന്നിക്കില്ലെങ്കിലും ഓസീസ് കടന്നു പോയ അവസ്ഥ കണ്ടറിഞ്ഞു മനസിലാക്കിയവര്‍ക്ക് ഇന്നിങ്‌സിന്റെ മൂല്യം മനസിലാകും. ഗില്ലിക്ക് ശേഷം അതേ തലത്തിലുള്ള ഒരു വിക്കറ്റ് കീപ്പറെ തേടിയുള്ള ഓസീസിന്റെ അന്വേഷണം ഒടുവില്‍ അവസാനിച്ചു എന്നു വേണം കരുതാന്‍. ഹാഡിനിലും നെവില്ലിലും വെയ്ഡിലും സ്ഥിരത ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന ഓസീസിന് ക്യാരിയിലുടെ അതിനു സാധിച്ചു എന്നു വേണം കരുതാന്‍. ക്യാരിക്ക് തൊട്ടു പിറകെ റഷീദിനു തന്നെ വിക്കറ്റ് സമ്മാനിച്ചു സംപൂജ്യനായി സ്റ്റോയ്നിസും മടങ്ങിയതോടെ ഓസീസ് വീണ്ടും റിവേഴ്സ് ഗിയറിലായി.
ബാറ്റിങ്ങില്‍ സ്റ്റോയ്നിസിന്റെ തുടര്‍ പരാജയങ്ങള്‍ ഇന്നലെയും അവസാനിച്ചില്ല എന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. പിന്നീടെത്തിയ മാക്സ്വെല്‍ ടീം എത്ര തകര്‍ച്ച നേരിട്ടാലും താന്‍ ആക്രമിച്ചേ കളിക്കൂ എന്ന നയം വ്യക്തമാക്കി ചില വമ്പനടികളിലൂടെ സ്‌കോറിങ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. പിന്നീടെത്തിയ കമ്മിന്‍സും എളുപ്പത്തില്‍ മടങ്ങിയെങ്കിലും സ്മിത്ത് കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. സ്റ്റാര്‍ക്കിനെ കൂട്ടു പിടിച്ചു ടീമിനെ മുന്‍ നായകന്‍ കൂടിയായ സ്മിത്ത് മുന്നോട്ടു നയിച്ചെങ്കിലും ശതകത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന സ്മിത്തിനെ ബട്ട്‌ലര്‍ റണ്‍ ഔട്ടാക്കിയതോടെ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ എളുപ്പമായി.
ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ സംബന്ധിച്ചിടത്തോളം ഓസീസ് ഉയര്‍ത്തിയ സ്‌കോര്‍ വെല്ലുവിളിയായിരുന്നില്ലെങ്കിലും തങ്ങളുടെ അയല്‍ക്കാരായ കിവികള്‍ കഴിഞ്ഞ ദിവസം പുറത്തെടുത്ത വീരോചിത പ്രകടനത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കാനാണ് കങ്കാരുക്കള്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇന്ത്യക്ക് സംഭവിച്ചത് തങ്ങള്‍ക്ക് സംഭവിക്കരുതെന്ന ചിന്തയോടെ ഇംഗ്ലണ്ടും.
എന്നാല്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന്റെ രീതിക്ക് പോകുന്നതാണ് കണ്ടത്. ഓസീസിന്റെ കുന്തമുനകളായ സ്റ്റാര്‍ക്കിനെയും ബഹ്റെന്‍ഡ്രോഫിനെയും നിലം തൊടാന്‍ അനുവദിക്കാതെ, പതിവു ഫോമിലേക്കുയരാന്‍ സമ്മതിക്കാതെ ഒരിക്കല്‍ കൂടെ റോയ് – ബയര്‍സ്റ്റോ ഓപ്പണിങ് സഖ്യം അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഓസീസ് കളി കൈ വിട്ടു.
സെഞ്ച്വറി കൂട്ടുകെട്ടിനു ശേഷം ബയര്‍സ്റ്റോയും അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ റോയിയും വീണെങ്കിലും പിന്നീടെത്തിയ റൂട്ടും നായകന്‍ മോര്‍ഗനും ചേര്‍ന്നു ഇംഗ്ലണ്ടിനെ കരക്കെത്തിച്ചു. മഴ പെയ്യാന്‍ സാധ്യത കൂടി കൂടി വന്ന സമയത്ത് അതിനു മുന്‍പേ കളി തീര്‍ക്കാനായി വലിയ ഷോട്ടുകള്‍ കളിച്ചു തുടങ്ങിയ മോര്‍ഗന്‍ ഒടുവില്‍ വിജയം കണ്ടു.
ഇതു വരെ സെമിയില്‍ തോറ്റ ചരിത്രമില്ലാത്ത ഓസീസ് പുറത്തായതോടെ ഒരു കാര്യം ഉറപ്പായി. ഈ തവണ ലോക ക്രിക്കറ്റിന് പുതിയൊരു ചാമ്പ്യനെ ലഭിക്കും. തുടര്‍ച്ചയായ രണ്ടാം തവണ ഫൈനല്‍ കളിക്കുന്ന കിവികള്‍ക്കും 92 നു ശേഷം ആദ്യമായി കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയ ഇംഗ്ലണ്ടിനും ലോകകപ്പ് കിട്ടാക്കനിയാണ്. ഇന്നലത്തെ ഓസീസിന്റെ തോല്‍വിയോടെ ഓസ്ട്രേലിയയും ഇന്ത്യയും അല്ലാതെയൊരു ലോകചാമ്പ്യന്‍ കാലങ്ങള്‍ക്കിപ്പുറം അവതരിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.