| Sunday, 20th March 2022, 5:05 pm

എജ്ജാദി എനര്‍ജി, എജ്ജാദി ഫീല്‍; മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തി ബൈജൂസിന്റെ വാര്‍ ക്രൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി ബൈജൂസ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പുതിയൊരു വാര്‍ ക്രൈ തന്നെ ഒരുക്കിയാണ് ബൈജൂസ് ഫൈനലിന് മുമ്പ് തന്നെ ആവേശം വാനോളമുയര്‍ത്തുന്നത്.

ബൈജൂസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഒരോ നിമിഷവും ഒപ്പിയെടുത്ത് നാടന്‍ റാപ് മോഡലിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സ്‌നേഹ ഖാന്‍വാല്‍ക്കര്‍ കംപോസ് ചെയ്തിരിക്കുന്ന വാര്‍ ക്രൈ ബെന്നി ദയാലും തിരുമലൈയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുമായെത്തുന്നത്. ‘എന്നും എപ്പോഴും മഞ്ഞപ്പട’ ‘യെല്ലോ ലവ്’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.

അതേസമയം, ഫൈനല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി ധരിക്കാന്‍ അനുവാദമുണ്ടാവുകയില്ല. ഹൈദരാബാദ് എഫ്.സിക്കായിരിക്കും മഞ്ഞ ജേഴ്‌സി ധരിക്കാന്‍ സാധിക്കുക. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.

ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന് മഞ്ഞ ജേഴ്‌സി ധരിക്കാനുള്ള അവസരം കിട്ടിയത്. ഇതോടെ ഗോവയിലെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പം സങ്കടപ്പെടേണ്ടി വരും.

കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പിച്ചായിരുന്നു ഹൈദരാബാദ് ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-1 എന്ന സ്‌കോര്‍ തുണയാവുകയായിരുന്നു. ഫൈനല്‍ അഗ്രഗേറ്റ് സ്‌കോര്‍ 3-2

ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

ആദ്യ സെമിയില്‍ ജംഷഡ്പൂരിനെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണ്.

ഫൈനലില്‍ ആരുതന്നെ ജയിച്ചാലും ഐ.എസ്.എല്ലില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നുറപ്പാണ്.

Content highlight: New War Cry for Kerala Blasters from Byjus,  ISL Manjappada

We use cookies to give you the best possible experience. Learn more