ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ടി ക്രോസ് ബ്രീസ് മോഡലുകള്‍ ഇന്ത്യയിലേക്ക്
Big Buy
ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ടി ക്രോസ് ബ്രീസ് മോഡലുകള്‍ ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2016, 10:50 am

കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ടി ക്രോസ് ബ്രീസും സെഡാനായ പസാറ്റിന്റെ പുതുതലമുറയും 2018ന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്താനാണ് സാധ്യത.


അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ടി ക്രോസ് ബ്രീസും സെഡാനായ പസാറ്റിന്റെ പുതുതലമുറയും 2018ന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്താനാണ് സാധ്യത.

അതിവേഗം വളരുന്ന കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലൂടെ കൂടുതല്‍ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ടി ക്രോസ് ബ്രീസുമായി കമ്പനി എത്തുന്നത്. പുതു തലമുറ പോളോയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചത്. പോളോയില്‍ ഉപയോഗിച്ചിരുന്ന 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും ടി ക്രോസ് ബ്രീസ്  ലഭ്യമാകും.

passat

5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ടാകും. ടോപ് വേരിയന്റിന് ഏകദേശം 16 ലക്ഷത്തോളമായിരിക്കും വിപണി വില. 10.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടി ക്രോസിന് സാധിക്കും.

സെഡാന്‍ ശ്രേണിയില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ നിരത്തിലെത്തിയ പസാറ്റിന്റെ ആറാം തലമുറ വാഹനം അടുത്ത വര്‍ഷം തുടക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍ രാജ്യത്തെത്തിക്കുക. ആഗോളതലത്തില്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് പസാറ്റ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പെട്രോള്‍ വകഭേദം മാത്രമായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. 1.8 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ പസാറ്റിന് ശക്തി പകരുക.

1.8 ലിറ്റര്‍ ടി.എസ്.ഐ എഞ്ചിന്‍ 170 ബി.എച്ച്.പി കരുത്തും 249 എന്‍.എം ടോര്‍ക്കും പുറത്തെടുക്കും. സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാംമ്രി എന്നീ മോഡലുകളാകും ഈ വിഭാഗത്തില്‍ പസാറ്റിന്റെ മുഖ്യ എതിരാളികള്‍.

മുന്‍ പസാറ്റില്‍ നിന്ന് ചെറു മാറ്റങ്ങളുമായി പുതിയ ബമ്പറും ഗ്രില്ലും 19 ഇഞ്ച് അലോയ് വീലും ഉള്‍പ്പെടുത്തി കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിലാണ് ആറാം തലമുറ പസാറ്റ് നിരത്തിലെത്തിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മികച്ച സ്ഥല സൗകര്യം എന്നിവയാണ് മറ്റ് സവിശേഷതകള്‍.