[] അബുദബി: യു.എ.ഇയില്‍ പരിഷ്‌കരിച്ച വിസ നിയമം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. വിസ പരിഷ്‌കാരങ്ങള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് ഗുണകരമാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ നിയമപ്രകാരം ജീവനക്കാരന്റെ താമസ വിസ റദ്ദായാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകില്ല. 5000 ദിര്‍ഹം കെട്ടിവെച്ചാല്‍ അതേ വിസയില്‍ രാജ്യത്ത് തുടരാനും പുതിയ വിസയിലേക്ക് മാറുമ്പോള്‍ തുക തിരിച്ച് വാങ്ങാനും സാധിക്കും. 3000 ദിര്‍ഹം കെട്ടിവച്ചാല്‍ വനിതാ നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കുവാനുള്ള സൗകര്യവും വിസ പരിഷ്‌കാരങ്ങളിലുണ്ട്.
വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ അനുസരിച്ച് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാന്‍ അവസരം ലഭിക്കും.ചികിത്സ, സമ്മേളനങ്ങള്‍, പഠനം എന്നിവക്കായി പ്രത്യേക വിസ ഏര്‍പ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ വ്യാജരേഖ ചമച്ച് താമസ വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ 5000 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. താമസ കുടിയേറ്റ വകുപ്പിലെ വെബ്‌സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് 100 ദിര്‍ഹവും വിസക്കായി അപേക്ഷിക്കുമ്പോള്‍ കൃത്യമായ രേഖകള്‍ നല്‍കാത്ത വ്യക്തികള്‍ക്ക് 500 ദിര്‍ഹവും പിഴ അടക്കേണ്ടി വരും.
അനധികൃത താമസക്കാരെ നാട് കടത്താനും വിസ നിയമം അനുശാസിക്കുന്നുണ്ട്. പുതിയ വിസ നിയമങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.