| Friday, 3rd January 2025, 7:56 pm

ചൈനയിലെ പുതിയ വൈറസ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) രോഗബാധയില്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും പനിയും ജലദോഷവുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ചൈനയില്‍ എച്ച്.എം.പി.വി വ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.

ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെങ്കിലും സമാനമായ രോഗലക്ഷണങ്ങളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

‘എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും നിങ്ങള്‍ ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക. അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം, അങ്ങനെ അണുബാധ ഉണ്ടാകാം,’ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പ്രത്യേക തൂവാല ഉപയോഗിക്കുക, ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ആവശ്യമായ മരുന്നുകള്‍ കഴിക്കുക എന്നീ നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.

എന്താണ് എച്ച്.എം.പി.വി

ശ്വാസകോശ സംബന്ധമായ ഒരു രോഗബാധയാണ് എച്ച്.എം.പി.വി. 2001ലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന് വാക്‌സിനുകള്‍ ലഭ്യമല്ല. മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ് ആ രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ പിരിയഡ്.

എച്ച്.എന്‍.പി.വി വൈറസ് ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നതുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ചൈന രോഗബാധയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) ശ്വാസകോശ, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ് കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ചൈനയില്‍ ശ്വാസകോശ സംബന്ധമായ പുതിയ രോഗം പടരുന്നത് ലോകമെമ്പാടും കൊവിഡ് പോലുള്ള സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: New virus in China; Central government says to be be cautious

We use cookies to give you the best possible experience. Learn more