തടങ്കലിലാക്കപ്പെട്ട സമയത്തും ഫാദറിന്റെതായി വീഡിയോ പുറത്തു വന്നിരുന്നു. അബുദാബിയിലുള്ള ബന്ധുവാണ് ഈ വീഡിയോ തങ്ങള്‍ക്ക് കാണിച്ചു തന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: തെക്കന്‍ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരം ആക്രമിച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ സഹായഭ്യര്‍ത്ഥനയുമായുള്ള വീഡിയോ സന്ദേശം കുടുംബത്തിനു ലഭിച്ചു.
തടങ്കലിലാക്കപ്പെട്ട സമയത്തും ഫാദറിന്റെതായി വീഡിയോ പുറത്തു വന്നിരുന്നു. അബുദാബിയിലുള്ള ബന്ധുവാണ് ഈ വീഡിയോ തങ്ങള്‍ക്ക് കാണിച്ചു തന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
തനിക്കൊപ്പം ബന്ധിയാക്കപ്പെട്ട ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചെന്നും ഇന്ത്യക്കാരനായതിനാലാണ് തനിക്ക് ഈ അവസ്ഥ വന്നതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. തന്റെ മോചനത്തിനായി അടിയന്തിരമായി ഇടപെണമെന്നും ഉഴുന്നാല്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.
തന്റെ മോചനത്തിനായി രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും അടിയന്തിര ഇടപെടല്‍ നടത്തണം. തന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുന്നത്. യൂട്യൂബില്‍ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂലൈയില്‍, ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്നു പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇൗ വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
മാര്‍ച്ച് നാലിനാണ് യെമനില്‍ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധമന്ദിരം ആക്രമിച്ച് നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം വൃദ്ധസദനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. യെമനിലെ തെക്കന്‍ നഗരമായ ഏദനിലെ ശൈഖ് ഉത്മാനിലായിരുന്നു സംഭവം.
അതിനിടെ ടോം ഉഴുന്നാലിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഭീകരര്‍ പുറത്തുവിട്ടിരുന്നു.