| Friday, 31st August 2018, 11:56 am

നാളെ മുതല്‍ വാഹന ഇന്‍ഷുറന്‍സ് നിരക്ക് കൂടും: ദീര്‍ഘകാല പ്രീമിയം ഒന്നിച്ചടയ്ക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നാളെ മുതല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക അടയ്ക്കേണ്ടി വരും. കാറുകള്‍ക്കു മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാക്കുകയാണ്.

വാഹനങ്ങള്‍ വാങ്ങുന്നവര്‍ എടുക്കുന്ന കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടു ഘടകങ്ങളാണ് ഉള്ളത്. വാഹനത്തിന്റെ കേടുപാടിനും നഷ്ടത്തിനും ധനസഹായ പരിരക്ഷയേകുന്ന ഓണ്‍ഡാമേജ് ഘടകം, വാഹനങ്ങള്‍ മൂലം മറ്റു വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് പുതിയ നിയമഭേദഗതി വന്നിരിക്കുന്നത്.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇത് പുതുക്കുന്നതില്‍ പലരും വീഴ്ച്ച വരുത്തുന്നത് കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇന്‍ഷുറന്‍സ് നിയന്ത്രണ-വികസന അതോറിറ്റി (ഐ.ആര്‍.ഡി.എ) ആണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രഖ്യാപിക്കുന്നത്. നാളെ മുതല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുമെങ്കിലും ഓണ്‍ ഡാമേജ് കവറേജ് നിലവില്‍ ഉള്ളതുപോലെ തന്നെ ഒറ്റ വര്‍ഷത്തേക്ക് എടുക്കാന്‍ അവസരമുണ്ടാകും.

കാറിന് മൂന്നു വര്‍ഷത്തേക്കും ടൂ വീലറിന് അഞ്ചു വര്‍ഷത്തേക്കും പ്രാബല്യത്തില്‍ ഓണ്‍ ഡാമേജും തേഡ്പാര്‍ട്ടിയും ചേര്‍ന്ന കോംപ്രിഹെന്‍സീവ് പോളിസികള്‍ അവതരിപ്പിക്കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഒരു വര്‍ഷം വാഹനത്തിന്റെ അറ്റക്കുറ്റപ്പണിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം “നോ-ക്ലെയിം ബോണസ്” ലഭിക്കുകയും ഓണ്‍ ഡാമേജ് പ്രീമിയം കുറയുകയും ചെയ്യുന്നു. ദീര്‍ഘകാല പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതില്‍ വരുന്നതിന്റെ കുറവ് സാധ്യത കണക്കിലെടുക്കണമെന്നും ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ ഉള്ള വാഹനങ്ങള്‍ക്കും ദീര്‍ഘകാല പോളിസി നടപ്പാക്കാനാകുമോ എന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more