Advertisement
World News
കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയോക്കോവ്; മുന്നറിയിപ്പുമായി ഗവേഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 28, 10:13 am
Friday, 28th January 2022, 3:43 pm

ബെയ്ജിങ്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോക്കോവ് എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

നിയോക്കോവ് മൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.

സ്പുട്നിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം നിയോക്കോവ് പുതിയ വൈറസല്ലെന്നും മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും പറയുന്നു.

സാര്‍സ് കോവ് 2ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.

നിയോക്കോവ് മനുഷ്യര്‍ക്കിടയില്‍ സജീവമായി പടരാന്‍ കഴിവുള്ള ഒരു പുതിയ വൈറസല്ല, വൈറസിന്റെ അപകടസാധ്യതകളെ കുറിച്ച് പഠിക്കേണ്ടതും കൂടുതല്‍ അന്വേഷിക്കേണ്ടതും ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

എന്നാല്‍, ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ ഒരൊറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.


Content Highlights: New variant of corona virus NeoCov; Researchers with caution