| Friday, 29th November 2024, 10:35 pm

ചെകുത്താനും കടലിനും നടുക്ക് പാകിസ്ഥാന്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ അപ്‌ഡേറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി വീണ്ടും ചര്‍ച്ചയാകുകയാണ്. സുരക്ഷാ വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളും കാരണം ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന് പ്രതികൂലമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് വേദികളില്‍ നടത്തണെന്ന ആവശ്യം പാകിസ്ഥാന്‍ തള്ളുകയാണെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി ഹോസ്റ്റിങ് അനുമതി പാകിസ്ഥാനില്‍ നിന്ന് എടുത്തുകളയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പ്രകാരം മറ്റു ടീമുകല്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചപ്പോള്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയാണെന്നുമുണ്ട്.

പി.സി.ബി ചെയര്‍മാനായ മൊഹ്സിന്‍ നഖ്‌വി മുഴുവന്‍ ടൂര്‍ണമെന്റും പാകിസ്ഥാനില്‍ നടത്തുമെന്നും ഇതില്‍ നിന്നും പിന്നോട്ടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരു ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായാല്‍, 2031വരെ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റുകള്‍ക്കും അതേ ഫോര്‍മുല പാകിസ്ഥാന്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ പാകിസ്ഥാനില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡല്‍ പ്രകാരം മത്സരങ്ങള്‍ ദുബായിലോ, ശ്രീലങ്കയിലോ നടക്കുമെണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് നേരത്തെ കൈമാറിയിരുന്നു.

2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും, മെന്‍ ഇന്‍ ഗ്രീന്‍ മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2012-13 സമയത്താണ് ഇരു ടീമുകളും മത്സരിച്ചത്.

2016ലെ ടി-20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2023 ലോകകപ്പില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ കളിച്ചത്.

Content Highlight: New Update Of 2025 Champions Trophy

We use cookies to give you the best possible experience. Learn more