തിരുവനന്തപുരം: ബി.ജെ.പി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം ഒരു ഫിക്ഷനാണെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതി 75 വര്‍ഷമായിട്ടും മെച്ചപ്പെട്ടിട്ടില്ലെന്നും പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
എത്രയോ വര്‍ഷം പേടിപ്പിച്ച് മുസ്‌ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി. ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയവ ഇപ്പോഴുമുണ്ട്. അത് പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നത് ഒരു ഫിക്ഷനാണെന്നും ജനങ്ങളില്‍ ഭയമുണ്ടാക്കാനായി മിത്ത് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിം, ക്രിസ്ത്യന്‍ സഹോദരന്മാരെ പേടിപ്പിക്കുകയാണ്. ബി.ജെ.പി. നിങ്ങളെ ബീഫ് തിന്നാന്‍ സമ്മതിക്കില്ല, നിങ്ങളുടെ സംസ്‌കാരം തകര്‍ക്കും, ബി.ജെ.പി. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കും എന്നാണ് പ്രചാരണം. ഇതിനൊരു തെളിവുമില്ല,’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയില്‍പ്പോലും ജാതി-മത വിവേചനം കാട്ടിയിട്ടില്ലെന്നും ഏതെങ്കിലും മുസല്‍മാന് പദ്ധതികളില്‍ നിന്ന് വിവേചനം നേരിട്ടതായി പറയാന്‍ കഴിയുമോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി അംഗമായിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍. ബുധനാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിച്ചത്.