വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രകീർത്തിച്ച് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. വാഷിങ്ടണിൽ വെച്ച് നടന്ന ഉഭയ കക്ഷി മീറ്റിങ്ങിനുശേഷം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് കെയർ സ്റ്റാർമെർ ബൈഡന്റെ നേതൃത്വ മികവിനെക്കുറിച്ച് പറഞ്ഞത്.
ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് യു.കെ പ്രധാനമന്ത്രി ബൈഡന്റെ മാനസിക നിലയെ കുറിച്ച് അഭിപ്രായം പറയുന്നത്.
ബൈഡന് പ്രായമായെന്ന് നിങ്ങൾക്ക് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സ്റ്റാർമറിന്റെ മറുപടി.
ഉക്രെയ്ൻ, ഗസ സംഘർഷങ്ങൾ, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചർച്ച ചെയ്യാൻ സ്റ്റാർമറും ബൈഡനും ബുധനാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ഞങ്ങൾക്ക് ഇന്നലെ ഒരു മീറ്റിങ്ങുണ്ടായിരുന്നു. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. മികച്ച രീതിയിലാണ് ബൈഡൻ ചർച്ചക്കിരുന്നത്. കാര്യങ്ങളെ വലിയ ഗൗരവത്തോടെയാണ് അദ്ദേഹം കാണുന്നത്. അദ്ദേഹം നല്ല ഫോമിലാണ്. ഞാൻ അദ്ദേഹത്തിന്റെ നേതൃപാടവത്തെ അഭിനന്ദിക്കുകയാണ്,’ കെയ്ർ സ്റ്റാർമർ പറഞ്ഞു.
നാറ്റോ ഉച്ചകോടിക്ക് ശേഷം നടന്ന പ്രസംഗത്തിൽ ബൈഡൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ട്രംപെന്നും ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ വ്ലാദിമിർ പുടിനെന്നും വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നാക്ക് പിഴക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.
എന്നാൽ ബൈഡന്റെ മാനസികനിലയെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന എല്ലാ ആശങ്കകളും സ്റ്റാർമർ തള്ളിക്കളഞ്ഞു. കൂടാതെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തതിന് അദ്ദേഹം വലിയ രീതിയിൽ ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.