| Tuesday, 16th November 2021, 12:36 pm

വേതനത്തോട് കൂടിയ അവധി, സ്ത്രീക്കും പുരുഷനും തുല്യ വേതനം, ജോലിക്കിടയില്‍ വിശ്രമം; തൊഴിലാളി സൗഹൃദമാകാനൊരുങ്ങി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: തൊഴിലാളി സൗഹൃദമായ തൊഴിലിടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി യു.എ.ഇ ഭരണകൂടം. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലിടങ്ങളില്‍ മാറ്റം വരുത്തുന്ന തൊഴില്‍ നിയമമാണ് പുറത്തിറങ്ങിയത്.

യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹയന്‍ ആണ് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പുതിയ അവധി പോളിസികള്‍ കൊണ്ടുവരികയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 2022 ഫെബ്രുവരി രണ്ടിന് നിയമം നിലവില്‍ വരും.

കൊവിഡ് 19ന്റെ സാഹചര്യവും ശാസ്ത്രസാങ്കേതിക രംഗത്തെ മാറ്റങ്ങളും തൊഴിലിടങ്ങളില്‍ വരുത്തിയ മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് മന്ത്രി ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ അവര്‍ പ്രതികരിച്ചു. കഴിവുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ തൊഴിലിടങ്ങളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്‌ളെക്‌സിബിള്‍ ജോലി-എന്നിങ്ങനെ പുതിയ തരത്തിലുള്ള ജോലികള്‍ പരിചയപ്പെടുത്തുന്നു എന്നതാണ് നിയമപരിഷ്‌കരണത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. സെല്‍ഫ് എംപ്ലോയ്‌മെന്റ്, ഫ്രീലാന്‍സിങ്, ജോലി പങ്കുവെയ്ക്കല്‍ എന്നിവയെക്കുറിച്ചും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു.

‘ഷെയേര്‍ഡ് ജോബ് മോഡല്‍’ പ്രകാരം, തൊഴില്‍ദാതാവിന്റെ സമ്മതത്തോടെ ഒരു ജോലി രണ്ട് പേര്‍ക്ക് പങ്കിട്ടെടുക്കുകയും കൂലി അതുപോലെ വീതിച്ചെടുക്കുകയും ചെയ്യാം.

തൊഴില്‍ സംബന്ധമായ ഹരജികളോ കേസുകളോ ഫയല്‍ ചെയ്യുകയാണെങ്കില്‍ ജുഡീഷ്യല്‍ ഫീസില്‍ നിന്നും അവര്‍ക്ക് ഇളവ് ലഭിക്കും. ഒരു ലക്ഷം ദിര്‍ഹം വരെയുള്ള ഫീസ് ആയിരിക്കും സര്‍ക്കാര്‍ വഹിക്കുക.

വേതനത്തോട് കൂടിയ അവധി, തൊഴില്‍ സമയത്തിലെ മാറ്റം, മൂന്ന് വര്‍ഷ കരാറുകള്‍, സ്വകാര്യ മേഖലയില്‍ 60 ദിവസം പ്രസവാവധി, തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന വകുപ്പുകള്‍, ഓവര്‍ടൈം വേതനം എന്നിവയാണ് പുതിയ നിയമത്തിലെ മറ്റ് തൊഴിലാളി സൃഹൃദ വ്യവസ്ഥകള്‍.

ഒരു മണിക്കൂറെങ്കിലും ഇടവേളയെടുക്കാതെ തുടര്‍ച്ചയായി അഞ്ച് മണിക്കൂറിലധികം തൊഴിലെടുക്കുന്നത്, ഒരു ദിവസം രണ്ട് മണിക്കൂറിലധികം ഓവര്‍ടൈം പണിയെടുപ്പിക്കുന്നത്, 15 വയസില്‍ താഴെയുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് എന്നിവയും നിരോധിച്ചിട്ടുണ്ട്.

നിയമത്തില്‍ വരുത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും യാതൊരു വിവേചനവും കൂടാതെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരേ തൊഴിലെടുക്കുന്ന സ്ത്രീക്കും പുരുഷനും ഒരേ വേതനം നല്‍കണമെന്നും നിയമം പറയുന്നു.

ഈയടുത്ത് രാജ്യത്തെ ഇസ്‌ലാം ഇതര വിഭാഗങ്ങളിലെ ആളുകള്‍ക്കായി പ്രത്യേക വ്യക്തിനിയമവും നടപ്പാക്കിയിരുന്നു. ഇസ്‌ലാം മത വിശ്വാസികളല്ലാത്തവര്‍ക്ക് വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം എന്നിവയടക്കമുള്ള കാര്യങ്ങളില്‍ രാജ്യാന്തര നിയമ പരിരക്ഷ ലഭിക്കുന്ന തരത്തിലുള്ള സിവില്‍ നിയമമാണ് പാസാക്കിയത്.

കഴിഞ്ഞ വര്‍ഷവും യു.എ.ഇ അവരുടെ നിയമസംവിധാനങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവന്നിരുന്നു. മദ്യ ഉപയോഗം, വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം എന്നിവ ക്രിമിനല്‍ കുറ്റങ്ങളായിരുന്നതാണ് കഴിഞ്ഞ വര്‍ഷം ഡീക്രിമിനലൈസ് ചെയ്തത്.

ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്നതിലേക്കും യു.എ.ഇ കടന്നിരുന്നു. വിദേശ നിക്ഷേപങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നടപടികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New UAE labuor laws reflect laborers friendly working environment

We use cookies to give you the best possible experience. Learn more