Advertisement
Kerala News
കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടി മൊഴി മാറ്റി; വൈദികനൊപ്പം കുടുംബ ജീവിതം നയിക്കണമെന്ന് പെണ്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 01, 05:58 pm
Wednesday, 1st August 2018, 11:28 pm

കണ്ണൂര്‍: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി.


Read Also : ഖത്തര്‍ പിടിച്ചെടുക്കാന്‍ സൗദിയും യു.എ.ഇയും യുദ്ധത്തിനൊരുങ്ങിയിരുന്നെന്ന് റിപ്പോര്‍ട്ട്


 

വൈദികന്‍ പ്രതിയായ കേസില്‍ പെണ്‍കുട്ടി കൂറ് മാറിയെന്ന് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതിനെ തുടര്‍ന്നാണു വിവരം പുറത്തറിഞ്ഞത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കുഞ്ചേരി.