| Thursday, 2nd August 2018, 8:25 pm

കൊട്ടിയൂര്‍ കേസില്‍ വീണ്ടും വഴിത്തിരിവ്; പരാതിക്കാരിയുടെ അമ്മയും കൂറുമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. വൈദികനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (ഒന്ന്) കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പരാതിക്കാരിയും കൂറുമാറിയിരുന്നു.

“കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണ്”. അമ്മ കോടതിയില്‍ അറിയിച്ചു.


Read Also : ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണി, ഇവരെ തിരിച്ചയക്കണം; അസംമോഡല്‍ വിദ്വേഷപ്രചരണവുമായി കെ.സുരേന്ദ്രന്‍


വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു.

പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കിയത്.

കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനാണ് ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന ഫാ. തേരകം ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരി കാനഡയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വഴിമധ്യേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

We use cookies to give you the best possible experience. Learn more